രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ലൈംഗികാരോപണ കേസിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന് എം.എൽ.എ സ്ഥാനവും നഷ്ടമായേക്കും. രാഹുൽ എം.എൽ.എ സ്ഥാനം ഒഴിയണമെന്ന ശക്തമായ നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
രാഹുലുമായി ബന്ധപ്പെടാൻ കഴിഞ്ഞാലുടൻ രാജി ആവശ്യപ്പെടാനാണ് കെ.പി.സി.സി നേതൃത്വം. രാഹുൽ രാജിവെക്കുന്നതാണ് നല്ലതെന്നാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ അഭിപ്രായവും. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കെ. മുരളീധരൻ എന്നിവരും രാഹുൽ രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്.
പാർട്ടി കൂടി കൈവിട്ടതോടെ രാഹുൽ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വയം രാജിവെക്കാൻ രാഹുൽ സന്നദ്ധനായില്ലെങ്കിൽ രാജിവെപ്പിക്കാൻ കോൺഗ്രസ് ചീഫ് വിപ്പിന് സ്പീക്കർക്ക് കത്തുനൽകാൻ സാധിക്കും.
എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം ഒരു വർഷം തികഞ്ഞ വേളയിലാണ് രാഹുൽ കോൺഗ്രസിൽ നിന്ന് പുറത്താകുന്നത്. 2024 ഡിസംബർ നാലിനാണ് രാഹുൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തത്.
യുവതി നേരിട്ട് പരാതി നല്‍കുകയും മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയും ചെയ്തതോടെ രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ വിഷയം കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കി. ഇതോടെയാണ് രാഹുലിനെ പുറത്താക്കാമെന്ന തീരുമാനത്തിലെത്തിയത്. തുടര്‍ന്ന് കെ.പി.സി.സി അധ്യക്ഷന്‍ തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രാഹുലിനെ പുറത്താക്കിയുള്ള അറിയിപ്പും വന്നു.
തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് എ.എൽ.എക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. രാഹുലിനെതിരെ പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യ ഹരജി തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. നസീറ പരിഗണിച്ചത്. അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന ഇരുകക്ഷികളുടെയും ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. വാദം കേട്ടപ്പോൾ ജഡ്ജി, പ്രോസിക്യൂട്ടർ, പ്രതിഭാഗം അഭിഭാഷകൻ, ഒരു ജീവനക്കാരൻ എന്നിവരാണ് കോടതിയിൽ ഉണ്ടായിരുന്നത്. അടച്ചിട്ട കോടതിയിൽ ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കൂടുതൽ രേഖകൾ പരിശോധിക്കാൻ ഹരജി മാറ്റിയത്.
എട്ട് ദിവസമായി ഒളിവിൽ തുടരുകയാണ് പാലക്കാട് എം.എൽ.എ രാഹുൽ. വലിയമല പൊലീസ് രജിസ്റ്റർ ചെയ്ത് നേമം പൊലീസിന് കൈമാറിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 64(2)(എഫ്), 64(2)(എച്ച്), 64(2)(എം) ബലാത്സംഗം, 89 നിര്‍ബന്ധിത ഭ്രൂണഹത്യ, 115(2) കഠിനമായ ദേഹോപദ്രവം, 351(3) അതിക്രമം, 3(5) ഉപദ്രവം, ഐ.ടി ആക്ട് 66(ഇ) സ്വകാര്യതാ ലംഘനം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.