തിരുവനന്തപുരം: നടപടിയുടെ ചൂടാറും മുമ്പേ രാഹുൽ മാങ്കൂട്ടത്തിലിനെ ചേർത്തുപിടിക്കാനുള്ള നീക്കങ്ങളിൽ കോൺഗ്രസ് രണ്ടു തട്ടിൽ. രാഹുലിന്റെ നിയമസഭ പങ്കാളിത്തവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പരസ്യപിന്തണയുമായി കെ.പി.സി.സി പ്രസിഡന്റും യു.ഡി.എഫ് കൺവീനറുമടക്കം എത്തുകയും കവചമൊരുക്കുകയാണെന്ന പ്രതീതി രൂപപ്പെടുകയും ചെയ്തതതോടെയാണ് പാർട്ടിക്കുള്ളിൽ എതിർ സ്വരങ്ങളുയരുന്നത്.
സഭാ പ്രവേശത്തിൽ പിന്തുണയർപ്പിച്ച യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് രാഹുലിനെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പില്ല എന്നുതന്നെ താൻ പറയുമെന്നും നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോൾ ഇത്തരം ആരോപണങ്ങൾ വരാറുണ്ടെന്നും പറഞ്ഞു. ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങൾ ചൂണ്ടിയായിരുന്നു പ്രകാശിന്റെ ന്യായവാദം.
രാഹുലിന്റെ രാജി ആവശ്യപ്പെട്ട വനിത നേതാക്കളുടെ നിലപാട് തെറ്റായിപ്പോയി എന്നായിരുന്നു യു.ഡി.എഫ് മുൻ കൺവീനർ എം.എം. ഹസന്റെ പ്രതികരണം. മറ്റൊരു പാർട്ടിക്കും അവകാശപ്പെടാനില്ലാത്ത വിധം കർക്കശ അച്ചടക്ക നടപടി സ്വീകരിച്ച് സി.പി.എമ്മിന് വെല്ലുവിളി ഉയർത്തിയപ്പോൾ അതിനെ അപ്രസ്കതമാക്കും വിധമുള്ള പരാമർശങ്ങൾ ചില നേതാക്കളിൽനിന്നുണ്ടാകുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം.
നടപടിയെടുത്ത ശേഷവും സി.പി.എം വിഷയം രാഷ്ട്രീയമായി സജീവമാക്കി നിർത്താൻ ശ്രമിക്കുന്ന ഘട്ടത്തിൽ രാഹുലിന്റെ കാര്യത്തിൽ അനാവശ്യ താൽപര്യം കാട്ടുന്നത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളുമെന്നാണ് ഇവരുടെ വാദം. അച്ചടക്ക നടപടിക്ക് കാരണമായ ആരോപണങ്ങളെ പോലും കഴമ്പില്ലെന്ന് കാട്ടി തള്ളുന്നത് പാർട്ടിയുടെ ഉദ്ദേശ്യ ശുദ്ധി തന്നെ ചോദ്യം ചെയ്യുമെന്നാണ് വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.