വെള്ളാപ്പള്ളി നടേശൻ

രാഹുലിന്‍റേത് പൊയ്മുഖം, ഉള്ള് സ്ത്രീ തൽപരൻ; സ്വഭാവ ശുദ്ധി അശേഷം ഇല്ല -വെള്ളാപ്പള്ളി

തിരുവനന്തപുരം: അപമര്യാദയായി പെരുമാറിയെന്ന യുവതികളുടെ ആരോപണത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഹുലിന്‍റേത് പൊയ്മുഖമാണെന്നും ഉള്ള് സ്ത്രീ തൽപരനാണ് എന്നാണ് വാർത്തകളിൽനിന്ന് മനസ്സിലാകുന്നതെന്നും വെള്ളാപ്പള്ളി മാധ്യപ്രവർത്തകരോട് പറഞ്ഞു.

രാഷ്ട്രീയത്തിലായാലും പൊതുപ്രവർത്തനത്തിലായാലും സ്വഭാവശുദ്ധി ഉണ്ടാകണം. രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള കമന്‍റുകൾ ടി.വിയിൽ കേൾക്കുമ്പോൾ സ്വഭാവ ശുദ്ധി അശ്ശേഷം ഇല്ല എന്നുമാത്രമല്ല, ചെല്ലുന്നിടത്തെല്ലാം കേറി മുട്ടയിട്ട് നടക്കുന്ന രാഷ്ട്രീയക്കാരനാണ്. കാണുന്നതെല്ലാം പൊയ്മുഖവും ഉള്ള് സ്ത്രീ തൽപരനാണ് എന്ന് തോന്നാവുന്ന വിധത്തിൽ വാർത്തകളിൽനിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. വല്യ കൊമ്പനാനയായി നിന്ന ആളല്ലേ, രണ്ട് കൊമ്പും ഒടിഞ്ഞ് കാലും ഒടിഞ്ഞ് കിടക്കുകയല്ലേ. പെൺവിഷയത്തിൽ എം.എൽ.എ സ്ഥാനം വരെ ഉപേക്ഷിക്കേണ്ട ദുരവസ്ഥയിലേക്ക് എത്തിയില്ലേ? -വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചെങ്കിലും എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. രാജിയെന്നത് ആലോചനയിൽ പോലുമില്ലാത്ത കാര്യമാണെന്ന് മാധ്യമപ്രവർത്തകരോട് രാഹുൽ പ്രതികരിച്ചു. രാഹുലിന്റെ രാജി ആവശ്യം കോൺഗ്രസിനകത്ത് തന്നെ ഉയർത്തുന്നതിനിടെയാണ് രാഹുൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും, രാജിവെച്ചത് ഒന്നാം ഘട്ടം -വി.ഡി. സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് അതിന്‍റെ ഒന്നാം ഘട്ടമാണെന്നും കോൺഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ വി.ഡി. സതീശൻ പറഞ്ഞു. ഞങ്ങൾ ഈ കാര്യം ഗൗരവമായി പരിശോധിക്കും. വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. അതിന്‍റെ ഒന്നാം ഘട്ടമായി 24 മണിക്കൂറിനകം ഒരു പരാതി പോലും ഇല്ലാതിരുന്നിട്ടും അദ്ദേഹം രാജിവെച്ചു. ഇനി പാർട്ടി അന്വേഷിക്കും. അതിന് ഒരു നടപടിക്രമമുണ്ട്. എന്നിട്ട് നോക്കാം -സതീശൻ പറഞ്ഞു.

Tags:    
News Summary - Rahul mamkootathil has no purity of character. says vellappally natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.