രാഹുൽ ഗാന്ധി

റബറിൽ രാഹുൽ ഗാന്ധിയുടെ ഗാരന്‍റി; താങ്ങുവില 250 രൂപയാക്കും

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് അധികാരത്തിലെത്തിയാൽ റബറിന്റെ താങ്ങുവില 250 രൂപയാക്കി നിശ്ചയിക്കുമെന്ന് രാഹുൽ ഗാന്ധി. കോട്ടയത്തെ പാമ്പാടിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'റബറിന്റെ നാടാണ് കേരളം. 90 ശതമാനം റബ്ബറും ഉത്പാദിപ്പിക്കുന്ന കേരളത്തിലെ കാർഷിക മേഖലയിൽ റബറിന്റെ താങ്ങുവില എന്നത് പ്രധാന പ്രശ്നമാണ്. പത്ത് വർഷം തുടർച്ചയായി ഭരിച്ചിട്ടും 2016ലെ പ്രകടനപത്രികയിൽ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച 250 രൂപയെന്ന മിനിമം താങ്ങുവില വാഗ്‌ദാനം നടപ്പാക്കാൻ സാധിച്ചിട്ടില്ല. അതുമാത്രമല്ല 2016ൽ 250 രൂപ പ്രഖ്യാപിച്ച എൽ.ഡി.എഫ് മുന്നണി 2026ൽ 200 രൂപയാണ് താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുള്ളത്. വിരോധാഭാസമെന്ന് പറയട്ടെ, ഇന്നത്തെ റബറിന്റെ വിപണി വില 220 രൂപയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഉത്പന്നങ്ങൾക്ക് കൃത്യമായ താങ്ങുവില ഉറപ്പാക്കാനും യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതിന്റെ ഭാഗമായി ഭരണത്തിലെത്തിയാൽ റബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയർത്തുമെന്ന് ഞാൻ ഉറപ്പുനൽകുന്നു' രാഹുൽ ഗാന്ധി പറഞ്ഞു.

കേരളത്തിൽ ഏത് നിയമസഭാ മണ്ഡലത്തിലേക്കാണ് പ്രചാരണത്തിനായി പോകേണ്ടതെന്ന് പാർട്ടി നേതൃത്വം ചോദിച്ചപ്പോൾ, പുതുപ്പള്ളി മണ്ഡലം നിർബന്ധമായും സന്ദർശിക്കണം എന്നായിരുന്നു. കാരണം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 50 വർഷം ജനസേവകനായി പ്രവർത്തിച്ച മണ്ഡലമാണിതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കേരളത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും ഒത്തുചേർന്നാണ് പ്രവർത്തിക്കുന്നതെന്നും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമല വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനം. മറ്റ് സംസ്ഥാനങ്ങളിൽ വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കുന്ന നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോൾ ശബരിമലയെക്കുറിച്ച് മിണ്ടാത്തത് സി.പി.എമ്മിനെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയിലെ സ്വർണം കവർന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ സി.പി.എമ്മിനെ രക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ കൊള്ള നടത്തിയവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കും. ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന എൽ.ഡി.എഫ്, നയങ്ങളിലും പ്രവർത്തനങ്ങളിലും ബി.ജെ.പിയെപ്പോലെ കുത്തകവൽക്കരണത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

Tags:    
News Summary - Rahul Gandhi's guarantee on rubber Support price will be set at Rs 250

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.