കൽപറ്റ/കോഴിക്കോട്: വയനാട് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ ആവേശത്തിലേക്ക് വ്യാഴാഴ്ച രാഹുൽ ഗാന്ധി പറന്നിറങ്ങും. കോൺഗ്രസ് അധ്യക്ഷനെ വരവേൽക്കാനും നാമനിർദേശ പത്രിക സമർപ്പണം ആഘോഷമാക്കാനുമുള്ള അവസാനഘട്ട ഒരുക്കത്തിലാണ് മണ്ഡലമുൾക്കൊള്ളുന്ന കോഴിക്കോട്, വയനാട്, മലപ്പുറം വയനാട്, ജില്ലകളിലെ നേതാക്കളും പ്രവർത്തകരും.
പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകും. ബുധനാഴ്ച വൈകീട്ട് അസമിൽ നിന്ന് കോഴിക്കോട്ടെത്തുന്ന രാഹുലും സംഘവും രാത്രി അവിടെ തങ്ങിയശേഷം ഹെലികോപ്ടർ മാർഗം വ്യാഴാഴ്ച രാവിലെ വയനാട്ടിലേക്ക് തിരിക്കും.
രാവിലെ പത്തോടെ കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങും. ഇവിടുന്ന് 400 മീറ്റർ മാത്രമാണ് പത്രിക കൊടുക്കുന്ന വയനാട് കലക്ടറേറ്റിലേക്കുള്ള ദൂരം. കൽപറ്റ ടൗണിൽ റോഡ് ഷോ നടത്തിയാണ് രാഹുൽ പത്രിക നൽകാനെത്തുക എന്നാണ് സൂചന. സന്ദർശന ഭാഗമായി കനത്ത സുരക്ഷയാണ് കൽപറ്റയിലും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത്. എസ്.പി.ജി നേരിട്ടാണ് സുരക്ഷയും മറ്റും കാര്യങ്ങളും നിയന്ത്രിക്കുന്നത്.
എസ്പിജി എഐജി ഗുർമീത് ഡോറ്ജെയുടെ നേതൃത്വത്തിലുള്ള നൂറോളം പേരടങ്ങുന്ന സംഘം ഇതിനായി വയനാട്ടിലെത്തിയിട്ടുണ്ട്. കൂടാതെ, പൊലീസിെൻറ വൻപടയും സുരക്ഷയൊരുക്കും. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് രാഹുലിെൻറ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. പത്രിക സമർപ്പണത്തിന് എ.കെ. ആൻറണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രാഹുലിനെ അനുഗമിക്കും.
രാഹുൽ ഗാന്ധിയോടൊപ്പം നാലു പേർക്ക് മാത്രമേ കലക്ടറുടെ ചേംബറിലേക്ക് കയറാൻ അനുമതിയുള്ളൂ. മാധ്യമപ്രവർത്തകർക്കും കടുത്ത നിയന്ത്രണമുണ്ട്. പരമാവധി 10 മിനിറ്റിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വ്യാഴാഴ്ച കലക്ടറേറ്റ് കോമ്പൗണ്ടിനകത്ത് ജീവനക്കാരുടേതുള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
നോമിനേഷൻ കൊടുത്തതിനുശേഷം രാഹുൽ സമീപത്തെ ഏതെങ്കിലും ഓഡിറ്റോറിയത്തിൽ മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളുമായി ആശയവിനിമയം നടത്തും. രാഹുലിെൻറ സന്ദർശന പരിപാടി തീരുമാനിക്കാനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുകുൾ വാസ്നിക്, കെ.സി. വേണുഗോപാൽ എന്നിവർ ബുധനാഴ്ച കൽപറ്റയിലെത്തും.ഡി.സി.സി ഓഫിസിൽ നടക്കുന്ന ചർച്ചക്കുശേഷമേ പത്രിക സമർപ്പണവും അതിനോടനുബന്ധിച്ചുള്ള പരിപാടികളുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.