തിരുവനന്തപുരം: സൈബർ അധിക്ഷേപം നടത്തിയെന്ന അതിജീവിതയുടെ പരാതിയിൽ രാഹുൽ ഈശ്വരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരിച്ച് ഭാര്യ ദീപ. പരാതിക്കാരിക്കെതിരെ സംസാരിച്ചിട്ടില്ലെന്നും പരാതിക്കാരിയുടെ പേരും ഐഡന്‍റിറ്റിയും വെളിപ്പെടുത്തുന്ന തരത്തിൽ രാഹുൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിട്ടില്ലെന്നും ദീപ പറഞ്ഞു.
സമൂഹമാധ്യമങ്ങളും യൂട്യൂബ് ചാനലും പരിശോധിച്ചാൽ ഇക്കാര്യം ജനങ്ങൾക്ക് മനസിലാകും. ജാമ്യം ലഭിക്കുന്ന കേസാണെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരിക്കെതിരയല്ല പുരുഷന്മാർക്കൊപ്പമാണ് രാഹുലിന്‍റെ നിലപാട്. രാഹുലിന്‍റെ നിലപാട് സ്ത്രീകൾക്കാണ് ഗുണം ചെയ്യുക.
സ്ത്രീകൾ തെറ്റായ കാര്യങ്ങൾ പുരുഷന്മാർക്കെതിരെ പറയുമ്പോൾ, ശരിയായ കാര്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ശരിക്കും സ്ത്രീകൾ അനുഭവിക്കുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. പരാതി പറയുമ്പോൾ ദുരുപയോഗം ചെയ്യുകയാണ്. അത് നിർത്തുക തന്നെ വേണം. മീറ്റു പോലെ മെൻടുവും ചർച്ച ചെയ്യേണ്ടതാണ്.
പരാതിക്കാരിയും നിരവധ കളവുകൾ പറയുന്നുണ്ട്. ഈ കളവുകൾ രാഹുലിന്‍റെ പോസ്റ്റുകളിൽ തുറന്നു കാണിക്കുന്നുണ്ട്. നിസ്സഹായയായ ഒരാൾക്ക് കളവ് പറഞ്ഞ് ശ്രദ്ധ നേടേണ്ട കാര്യമില്ലല്ലോ? അത്ര നിസ്സഹായയാണെന്ന് തോന്നുന്നില്ല. ആരുടെ എങ്കിലും ഉപദേശ പ്രകാരമായിരിക്കാം ഇതെല്ലാം ചെയ്യുന്നത്. നാളെ പുരുഷന്മാർക്കെതിരെ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ സംസാരിക്കാൻ ഒരാൾ വേണ്ടെയെന്നും ദീപ ചോദിച്ചു.
ഞായറാഴ്ച വൈകിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ തിരുവനന്തപുരം എ.ആർ. ക്യാമ്പിൽ വിശദമായി ചോദ്യം ചെയ്യുകയാണ് തിരുവനന്തപുരം സൈബർ പൊലീസ് സംഘം.
ചാനൽ ചർച്ചകൾ വഴി പരാതിക്കാരിയായ യുവതിയെ അപമാനിക്കുന്ന തരത്തിൽ പരാമർശനങ്ങൾ നടത്തുകയും യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തെന്നാണ് രാഹുൽ ഈശ്വർക്കെതിരായ ആക്ഷേപം. കൂടാതെ, യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്ത രാഹുലിന്‍റെ ലാപ്ടോപ് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, ലാപ്ടോപ് തന്‍റെ കൈവശമില്ലെന്നും ഓഫിസിലാണെന്നും രാഹുൽ മറുപടി നൽകി.
യുവതി നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സൈബർ പൊലീസ് വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു. ഇതുപ്രകാരം സ്വന്തം വാഹനത്തിൽ ഭാര്യക്കൊപ്പമാണ് രാഹുൽ എ.ആർ. ക്യാമ്പിലെത്തിയത്. തുടർന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.