വ്യാജ ആരോപണം ഉന്നയിച്ചെന്ന്; റിനി ആൻ ജോർജിനെതിരെ പരാതി നൽകി രാഹുൽ ഈശ്വർ

തിരുവനന്തപുരം: വ്യാജ ആരോപണം ഉന്നയിച്ച യുവനടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി രാഹുൽ ഈശ്വർ. മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും സൈബർ സെല്ലിനുമാണ് പരാതി അയച്ചിരിക്കുന്നത്.

വ്യാജ പരാതി നൽകി ആണിനെ നിശ്ശബ്ദമാക്കാമെന്ന് കരുതുന്ന എല്ലാ റിനി ആൻ ജോർജുമാർക്കുമെതിരെയാണ് പോരാട്ടം. ഫെമിനിസ്റ്റ് മാഫിയയെ തകർക്കാൻ പോകുകയാണെന്ന് രാഹുൽ തന്‍റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ പറഞ്ഞു.

രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ എന്നിവരടക്കമുള്ളവർക്കെതിരെ കഴിഞ്ഞ ദിവസം റിനി പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ റിനിക്കെതിരെ പരാതി നൽകിയിരുന്നത്.

യുവനേതാവിനെതിരെ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ താൻ സൈബർ ആക്രമണം നേരിടുകയാണെന്ന് കാണിച്ചാണ് റിനി ആൻ ജോർജ് കഴിഞ്ഞ ദിവസം പരാതി നൽകിയത്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമായിരുന്നു പരാതി നൽകിയത്. സൈബർ ആക്രമണങ്ങളിലും അപകീർത്തികരമായ പരാമർശങ്ങളിലും കേസെടുക്കണമെന്നാണ് റിനിയുടെ പരാതിയിലെ ആവശ്യം. തന്റെ പേരെടുത്ത് പറഞ്ഞാണ് ഇരുവരും വിഡിയോകൾ ചെയ്തതെന്നും റിനി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരുടേയും യുട്യൂബ് ചാനലുകളുടെ പേരും വിഡിയോകളുടെ ലിങ്കും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

യുവനേതാവിൽനിന്ന് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയതോടെയാണ് റിനിക്കെതിരെ വ്യാപക സൈബർ ആക്രമണം ഉണ്ടായത്. യുവനേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് റിനി ആൻ ജോര്‍ജ് വെളിപ്പെടുത്തിയിരുന്നത്. നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞിരുന്നു.

മൂന്നര വർഷം മുമ്പ് ആദ്യമായി മെസേജ് അയച്ചു. അതിനുശേഷം അയാൾ ജനപ്രതിനിധിയായി. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചു. അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. ഇയാളെ പറ്റി പാർട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയൂവെന്നായിരുന്നു മറുപടി. പരാതിയുള്ളവർ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞിരുന്നു. 

Tags:    
News Summary - Rahul Easwar files complaint against Rini Ann George for making false allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.