തിരുവനന്തപുരം: പാർട്ടിയെടുത്ത അച്ചടക്ക നടപടിയെ ഹൈജാക്ക് ചെയ്തും സാമൂഹിക മാധ്യമങ്ങളിലൂടെ സമാന്തര നീക്കം നടത്തിയും നില ഭദ്രമാക്കാനുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ നീക്കങ്ങളും അതിന് പിന്തുണയേകിയ ഒരു വിഭാഗം നേതാക്കളുമാണ് പുതിയ സാഹചര്യത്തിൽ കോൺഗ്രസിനെ കൂടി ചോദ്യമുനയിലെത്തിച്ചത്. പ്രാഥമികാംഗത്വത്തിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കിയത് മാതൃകാപരമായ അച്ചടക്ക നടപടിയെന്ന് നേതൃത്വം ആവർത്തിക്കുമ്പോഴും കോൺഗ്രസിനുള്ളിലെ തന്നെ തണലും പിന്തുണയും രാഹുലിന് കിട്ടിയിരുന്നു.
പ്രതിപക്ഷ നേതാവിന്റെ കടുത്ത വിയോജിപ്പുകൾ മറികടന്ന് നിയമസഭയിലെത്തിയതിലും ഈ വിഭാഗത്തിന്റെ മൗനാനുവാദമുണ്ടായിരുന്നു. കോൺഗ്രസ് പരിപാടികളിൽ സ്വന്തം നിലക്ക് സജീവമായപ്പോഴും അച്ചടക്ക നടപടി നേരിടുന്നയാൾ എന്ന കാര്യം നേതൃത്വം സൗകര്യപൂർവം മറക്കുകയും ചെയ്തു. പരിധിവിട്ട ഈ സജീവതയുടെയും ബോധപൂർവമുള്ള കണ്ണടക്കലുകളുടെയും ഫലമാണ് പ്രാഥമികാംഗത്വം പോലുമില്ലാത്തയാളുടെ പേരിൽ കോൺഗ്രസ് ഇപ്പോൾ നേരിടുന്നത്.
രാഹുലിനെതിരായ നടപടിയുടെ കാര്യത്തിൽ തുടക്കം മുതൽ തന്നെ കോൺഗ്രസ് രണ്ട് തട്ടിലായിരുന്നു. രാജി ആവശ്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും ഉറച്ചുനിന്നപ്പോൾ അൽപം അനുനയത്തിലായിരുന്നു കെ.പി.സി.സി നേതൃത്വത്തിലെ ഒരു വിഭാഗം. മറുഭാഗത്ത് തന്റെ കാര്യത്തിൽ പാർട്ടിയിലുണ്ടായ അഭിപ്രായ ഭിന്നത ‘രാഹുൽ ഫാൻസ്’ രാഷ്ട്രീയ മൂലധനമാക്കുന്നതാണ് പിന്നീട് കണ്ടത്. രാഹുലിനെതിരെ നിലപാടെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ സൈബർ ആക്രമണമുണ്ടായി. ഉമാ തോമസും പ്രതിപക്ഷ നേതാവും വരെ രൂക്ഷമായ സൈബർ ക്വട്ടേഷന് ഇരകളായി. കോൺഗ്രസ് അനുഭാവി പേരുകളിലെ സൈബർ ഹാൻഡിലുകളിൽ ‘രാഹുൽ മടങ്ങിവരുന്നു..’ എന്ന പ്രതീതി സൃഷ്ടിക്കും വിധത്തിൽ കൊണ്ടുപിടിച്ച പ്രചാരണങ്ങൾ അരങ്ങേറി.
പിന്നാലെ പാലക്കാട് സജീവമായ രാഹുൽ തദ്ദേശത്തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സ്വയം നേതൃസാന്നിധ്യമായി നിലയുറപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴെല്ലാം ‘രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തൊട്ടുകൂടായ്മ ഇല്ലെന്ന’തായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ഈ തണുപ്പൻ നിലപാടുകളാണ് കോൺഗ്രസിനെ ഇപ്പോൾ ശരിക്കും പൊള്ളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.