ശബരിമല അക്രമം: രഹ്​ന ഫാത്തിമക്ക്​ മുൻകൂർ ജാമ്യമില്ല

കൊച്ചി: മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന പേരിൽ രജിസ്​റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ബി.എസ്​.എൻ.എല്‍ ജീവനക്കാരി രഹ്​ന ഫാത്തിമ നൽകിയ ഹരജി ഹൈകോടതി തള്ളി. ഹരജിക്കാരി ഫേസ്ബുക്കിലിട്ട പോസ്​റ്റുകള്‍ സദുദ്ദേശ്യപരമാണെന്ന്​ കരുതാനാവില്ലെന്ന്​ വ്യക്​തമാക്കിയാണ്​ സിംഗിൾബെഞ്ച്​ ഉത്തരവ്​. അതേസമയം, ശബരിമലയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ ആറു പേർക്ക്​ കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ഹരജിക്കാരിയുടെ പോസ്​റ്റുകൾ മതവികാരങ്ങളെ വ്രണപ്പെടുത്താനും ഭക്തരെ ആശയക്കുഴപ്പത്തിലാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നാണ് പ്രഥമദൃഷ്​ട്യാ ബോധ്യമാവുന്നതായി കോടതി വ്യക്​തമാക്കി. അദ്വൈത വിശ്വാസിയാണ് താനെന്ന്​ രഹ്​ന അവകാശപ്പെടുന്നതു​കൊണ്ട്​ മാത്രം പോസ്​റ്റുകൾ നിരുപദ്രവകരമാണെന്ന്​ പറയാനാവില്ല.

അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെ ഹനിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തിയിട്ടുണ്ടോയെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്​. ഗൂഢാലോചനകളുണ്ടോയെന്നും അന്വേഷിക്കണം. രഹ്​ന ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍ അന്വേഷണ ഭാഗമായി പിടിച്ചെടുക്കാനും കോടതി പൊലീസിനോട്​ നിർദേശിച്ചു. പോസ്​റ്റുകൾ ഇട്ടതിന്​ പുറമെ ഒക്​ടോബർ 19ന് ശബരിമല കയറാനും ഹരജിക്കാരി ശ്രമിച്ചിരുന്നു.

ശബരിമല അക്രമ കേസിലെ ഒന്നാം പ്രതി പത്തനംതിട്ട ശ്രീശൈലത്തില്‍ ഷൈലേഷ്, രണ്ടാം പ്രതി ഇടപ്പള്ളി ലാല്‍ബഹദൂര്‍ ശാസ്ത്രി റോഡിലെ ആനന്ദ് വി. കുറുപ്പ്, നാലാം പ്രതി പത്തനംതിട്ട ശിവജി സദനത്തില്‍ അഭിലാഷ് രാജ്, അഞ്ചാം പ്രതി കോട്ടയം മണിമല പൊടിപ്പാറ വീട്ടില്‍ കിരണ്‍, 17ാം പ്രതി തൃപ്പൂണിത്തുറ ശാന്തുകുഞ്ചം വീട്ടില്‍ അഡ്വ. ഗോവിന്ദ് മധുസൂദനന്‍, 18ാം പ്രതി തൃപ്പൂണിത്തുറ ജാനകിമന്ദിരത്തില്‍ ഹരികുമാര്‍ എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്​.

പൊലീസ് വാഹനങ്ങളും കെ.എസ്​.ആർ.ടി.സി ബസുകളും തകര്‍ത്ത പ്രതികള്‍ 16,78,500 രൂപയുടെ നഷ്​ടമുണ്ടാക്കിയെന്ന്​ ആരോപണമുള്ളതിനാല്‍ പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമ ​പ്രകാരവും കേസെടുത്തിട്ടുണ്ട്​. ഇൗ സാഹചര്യത്തിൽ 15 ദിവസത്തിനകം 25,000 രൂപ വീതം മജിസ്‌ട്രേറ്റ് കോടതിയില്‍ കെട്ടിവെക്കണം. പ്രതികളെല്ലാം 40,000 രൂപയുടെ ബോണ്ട് നല്‍കണം, രണ്ട് പേരുടെ ജാമ്യം വേണം, പാസ്‌പോര്‍ട്ട്​ കോടതിയില്‍ കെട്ടിവെക്കണം, അന്വേഷണ ഉദ്യോഗസ്​ഥന്‍ ആവശ്യപ്പെടു​േമ്പാൾ ഹാജരാവണം, പമ്പ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെത്തരുത് തുടങ്ങിയവയാണ്​ മറ്റു വ്യവസ്​ഥകൾ.

Tags:    
News Summary - Rahna fathima plea-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.