സജി ചെറിയാന്‍റെ മലപ്പുറം, കാസർകോട് പരാമർശങ്ങൾ അത്ര ശരിയാണെന്ന് തോന്നുന്നില്ല -റഹ്മത്തുല്ല സഖാഫി എളമരം

കോഴിക്കോട്: മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശത്തിനെതിരെ കാന്തപുരം വിഭാഗം എസ്.വൈ.എസ് ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം. സജി ചെറിയാന്‍റെ മലപ്പുറം, കാസർകോട് പരാമർശങ്ങൾ അത്ര ശരിയാണെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എല്ലാ പാർട്ടിക്കാരും സ്ഥാനാർഥികളെ പരിഗണിക്കുമ്പോൾ മണ്ഡലത്തിലെ മതവും സാമൂഹിക സന്തുലിതത്വവും നോക്കാറുണ്ടെന്നും ഇതൊക്കെ വർഗീയതയായി വ്യാഖ്യാനിക്കുന്നത് യഥാർത്ഥ വർഗീയതയ്ക്ക് വളം നൽകലാവില്ലെ എന്നും അദ്ദേഹം ചോദിക്കുന്നു.

റഹ്മത്തുല്ല സഖാഫിയുടെ കുറിപ്പ്

രാഷ്ട്രീയ, മത നേതാക്കൾ പ്രസ്താവനകൾ നടത്തുമ്പോൾ കുറച്ചു കൂടി പക്വത കാണിക്കേണ്ടതുണ്ട്. മന്ത്രി സജി ചെറിയാന്‍റെ മലപ്പുറം, കാസർകോട് പരാമർശങ്ങൾ അത്ര ശരിയാണെന്ന് തോന്നുന്നില്ല. കൂട്ടത്തിൽ എറണാകുളവും പാലായും ഇടുക്കിയും കോട്ടയവും ഒക്കെ പറഞ്ഞിരുന്നുവെങ്കിൽ തെറ്റിദ്ധാരണ വരില്ലായിരുന്നു. എല്ലാ പാർട്ടിക്കാരും സ്ഥാനാർഥികളെ പരിഗണിക്കുമ്പോൾ മണ്ഡലത്തിലെ മതവും സാമൂഹിക സന്തുലിതത്വവും നോക്കാറുണ്ട്. മഞ്ചേരിയിൽ ബിജെപി പോലും മുസ്‌ലിം പേരുള്ളയാളെ സ്ഥാനാർത്ഥിയാക്കിയത് മറക്കാറായിട്ടില്ല. ഇതൊക്കെ വർഗീയതയായി വ്യാഖ്യാനിക്കുന്നത് യഥാർത്ഥ വർഗീയതയ്ക്ക് വളം നൽകലാവില്ലെ?

വർഗീയ ധ്രുവീകരണം എന്തെന്ന് മനസ്സിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട്ടും മലപ്പുറത്തും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്ന് മന്ത്രി സജി ചെറിയാൻ ഇന്നലെ പറഞ്ഞ പ്രസ്താവനയാണ് വിവാദമായത്. ഇതോടെ ഇന്ന് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ആർ.എസ്.എസ് ഉയർത്തുന്ന ഭൂരിപക്ഷ വർഗീയതയെ വളർത്താൻ കഴിയുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അതിന്‍റെ ഒരു ഉദാഹരണമാണ് പറഞ്ഞതെന്നുമാണ് സജി ചെറിയാൻ ഇന്ന് പറഞ്ഞത്.

കാസർകോട് മുനിസിപ്പാലിറ്റിയിലെ ആളുകളുടെ പേര് നോക്കണമെന്ന് പറഞ്ഞത്, ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ പേര് നോക്കാനല്ല. അവിടെ 39 സീറ്റുണ്ട്. മതേതരത്വം പറഞ്ഞ ഞങ്ങളുടെ പാർട്ടിക്ക് കിട്ടിയത് ഒരു സീറ്റാണ്. അവിടെ വർഗീയത പറഞ്ഞ ബി.ജെ.പിക്ക് ഹിന്ദു ഭൂരിപക്ഷ മേഖലയിൽ 12 സീറ്റ് കിട്ടി. ഏത് മതവിഭാഗത്തിന്‍റെ വോട്ടാണ് അവർക്ക് കിട്ടിയത്? അവിടുത്തെ ലീഗ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് 22 സീറ്റ് ജയിച്ചു. ഈ പറഞ്ഞ ബി.ജെ.പി ജയിപ്പിച്ച ആളുകളുടെ പേരും ലീഗ് ജയിപ്പിച്ച ആളുകളുടെ പേരും വായിക്കാനേ ഞാൻ പറഞ്ഞുള്ളൂ. അതുകൊണ്ട് കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ നമ്മൾ ശ്രദ്ധിക്കണമെന്നും സജി ചെറിയാൻ ഇന്ന് പറഞ്ഞു.

Tags:    
News Summary - Rahmathullah Saquafi Elamaram against saji cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.