തിരുവനന്തപുരം: പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോട്ടൺഹിൽ സ്കൂളിൽ യു.പി വിദ്യാർഥികളെ മുതിർന്ന ക്ലാസിലെ കുട്ടികൾ മൂത്രപ്പുര ഉപയോഗിച്ചതിന് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനോടാണ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്. ആക്രമണം നടത്തിയ വിദ്യാർഥിനികളെ തിരിച്ചറിയാൻ തിങ്കളാഴ്ച സ്കൂളിൽ മ്യൂസിയം പൊലീസ് തിരിച്ചറിയൽ പരേഡ് നടത്തും. സംഭവത്തെ തുടർന്ന് ഭീതിയിലായ കുട്ടികളുടെ മാനസികസംഘർഷം കുറക്കാൻ കൗൺസലിങ് സ്കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാർഥിനികളിൽ ഒരാൾ ആശുപത്രിയിൽ ചികിത്സ തേടിയതിനു ശേഷം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിദ്യാർഥിനിയുടെ രക്ഷാകർത്താവ് സമൂഹമാധ്യമത്തിൽ ഇതു സംബന്ധിച്ച് കുറിപ്പും പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ഉച്ചഭക്ഷണത്തിന് ശേഷം മൂത്രപ്പുരയിലേക്ക് പോയ അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളെ അതിനുള്ളിൽ വെച്ച് മുതിർന്ന കുട്ടികൾ തടഞ്ഞുനിർത്തി കൈയിലെ ഞരമ്പ് മുറിക്കുമെന്നും കെട്ടിടത്തിന്റെ മുകളിൽനിന്ന് തള്ളിയിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കൈയിൽ പിടിച്ച് ബലമായി അമർത്തിയെന്നുമാണ് കുട്ടികൾ അധ്യാപകരോട് പറഞ്ഞത്. അധ്യാപകർ ക്ലാസുകളിൽ കുട്ടികളുമായി എത്തിയെങ്കിലും അക്രമം നടത്തിയ കുട്ടികളെ കണ്ടെത്താനായില്ല. പരാതിയെ തുടർന്ന് വെള്ളിയാഴ്ച മ്യൂസിയം പൊലീസ് സ്കൂളിലെത്തി അധ്യാപകരിൽനിന്ന് വിവരം ശേഖരിച്ചു. പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന ചെറിയ ക്ലാസിലെ കുട്ടികളെ മുതിർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നതായി രക്ഷാകർത്താക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.