പട്ടാമ്പി: ശക്തിസ്വരൂപിണിയായ ദുർഗാദേവിയെ വിസ്മയിപ്പിച്ച പന്തിരുകുലപുത്രെൻറ ധന്യസ്മൃതികളുമായി ആയിരങ്ങൾ രായിരനെല്ലൂരിൽ ഒഴുകിയെത്തി. വ്രതവിശുദ്ധിയോടെ നാരായണ മന്ത്രോച്ചാരണങ്ങളുമായി അഞ്ഞൂറടിയോളമുള്ള മലയുടെ മുകളിലേക്ക് പ്രഭാതം മുതൽ ഭക്തജനങ്ങൾ പ്രയാണം തുടങ്ങി. വരരുചി--പഞ്ചമി ദമ്പതികളുടെ 12 മക്കളിൽ ഒമ്പതാമനായ നാറാണത്ത് ഭ്രാന്തനെന്ന ജ്ഞാനിയുടെ ദീപ്തസ്മരണകൾ ഒരിക്കൽകൂടി രായിരനെല്ലൂരിൽ പുനർജനിച്ചു.
പഠനകാലത്ത് മലയുടെ മുകളിലേക്ക് ഭീമൻ കല്ലുരുട്ടിക്കയറ്റി താഴേക്ക് തട്ടിയിട്ട് ഉരുളുന്ന കല്ലിനൊപ്പം ഉച്ചത്തിൽ പൊട്ടിച്ചിരിച്ച് നാറാണത്ത് ഭ്രാന്തൻ ലോകത്തിന് സമർപ്പിച്ചത് തെൻറ ജീവിത ദർശനമായിരുന്നു-. കഠിനപ്രയത്നത്തിലൂടെ നേടിയതെന്തും കൈവിടാൻ ഒരു നിമിഷം മതിയെന്ന് വായിച്ചെടുക്കാതെ ജനം ഭ്രാന്തനെന്ന് പരിഹസിച്ച ഇദ്ദേഹത്തിന് മുന്നിൽ അരയാലിൽ പൊന്നൂഞ്ഞാലിലാടുന്ന ദേവിയായി ദുർഗ പ്രത്യക്ഷപ്പെെട്ടന്നാണ് െഎതിഹ്യം. ഭ്രാന്തനെ കണ്ട് താഴെയിറങ്ങി ദുർഗദേവി നടന്നകന്നപ്പോൾ പാറയിൽ ഏഴ് കുഴികൾ രൂപപ്പെട്ടു. ദേവീസാന്നിധ്യമുള്ള പാദമുദ്രകളെ വണങ്ങി പൂജ തുടങ്ങിയ ഭ്രാന്തന് പിൻഗാമികളായി ചെത്തല്ലൂർ ഭട്ടതിരിമാരെത്തി.
മലമുകളിൽ ക്ഷേത്രം പണിത് പൂജ തുടർന്നു. തുലാം ഒന്നിെൻറ ദുർഗ ദർശനം രായിരനെല്ലൂരിെൻറ ഉത്സവമായി. കൊപ്പം-വളാഞ്ചേരി റൂട്ടിൽ ഒന്നാന്തിപ്പടിയിൽനിന്നുള്ള ചരിഞ്ഞ പാതയിലൂടെ ആയാസപ്പെട്ട് മലകയറി ഭ്രാന്തൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രദർശനം നടത്താൻ രണ്ടു ദിവസങ്ങളിലായി വൻ തിരക്കാണനുഭവപ്പെട്ടത്. പാറയിൽ ദേവിയുടെ പാദം പതിഞ്ഞുണ്ടായ കുഴികളിൽ വറ്റാത്ത ജലമുണ്ടെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെത്തിയ ഭക്തർ തീർഥം സ്വീകരിച്ച് സായൂജ്യമടഞ്ഞു. ഇളനീർ കൊണ്ട് മുട്ടറുത്തും ഉദ്ദിഷ്ട കാര്യങ്ങൾക്കായി വിവിധ വഴിപാടുകൾ നേർന്നും ദേവീപ്രസാദം നുകർന്നു.
വിഗ്രഹമില്ലാത്ത ക്ഷേത്രത്തിൽ വാൽക്കണ്ണാടി വെച്ചാണ് പൂജ. മലനിരപ്പിൽ നാറാണത്ത് ഭ്രാന്തെൻറ ചൈതന്യം തുളുമ്പുന്ന കൂറ്റൻ ശിൽപം വലംവെച്ചും വണങ്ങിയും കാണിക്കയിട്ടു൦ ഒരു വർഷത്തെ കാത്തിരിപ്പും നോമ്പും ധന്യമാക്കി നാരായണഭക്തർ മലയിറങ്ങി.
തന്ത്രി രാമൻ ഭട്ടതിരിപ്പാട്, അനന്തരാവകാശി മധു ഭട്ടതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൂജയും ആചാരങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.