ആർ. ശ്രീലേഖ

‘ആശുപത്രിയിൽ വന്ന് ബി.ജെ.പി നേതാക്കൾ ആശ്വസിപ്പിച്ചു, രാജി പിൻവലിച്ചു’; വിവാദങ്ങളിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

തിരുവനന്തപുരം: ബി.ജെ.പിയിൽ നിന്ന് രാജിവെച്ചതാണെന്നും ആശുപത്രിയിലായിരുന്ന തന്നെ പാർട്ടി നേതാക്കൾ വന്നുകണ്ട് ആശ്വസിപ്പിച്ചതോടെയാണ് രാജി പിൻവലിച്ചതെന്നും തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. ശ്രീലേഖ. സ്വന്തം യൂട്യൂബ് ചാനലായ ‘സസ്നേഹം ശ്രീലേഖ’യിലൂടെയാണ് ശ്രീലേഖ പ്രതികരിച്ചത്.

‘ഇതാണ് എനിക്ക് പറയാനുള്ളത്. പൂർണമായി ആരോഗ്യസ്ഥിതിയിൽ എത്താത്തതു കൊണ്ടാണ് ഇതേവരെ മുഖ്യധാരാ മാധ്യമങ്ങളോട് സംസാരിക്കാൻ സാധിക്കാത്തത്. തിങ്കളാഴ്ച മുതൽ ഞാൻ വീണ്ടും പൊതുസേവനത്തിൽ ഉണ്ടാകും.’ -എന്ന കുറിപ്പോടെയായിരുന്നു വിഡിയോ സന്ദേശം.

സെപ്റ്റംബർ 30-ാം തീയതി രാജിക്കത്ത് നൽകിയിരുന്നുവെന്നും നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്നാണ് തീരുമാനം പിൻവലിച്ചതെന്നും ശ്രീലേഖ വെളിപ്പെടുത്തി. പ്രയാസങ്ങൾ സഹിച്ചാണ് ഇപ്പോൾ കൗൺസിലറായി തുടരുന്നത്.

താൻ വിശ്വസിച്ച പലരും പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്നില്ല. യഥാർഥ മിത്രങ്ങൾ ആരാണെന്ന് ഇപ്പോൾ മനസ്സിലായെന്നും തൽക്കാലം മാറിനിൽക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കൗൺസിലർ എന്ന നിലയിൽ ഇപ്പോൾ അത്യാവശ്യ കാര്യങ്ങളിൽ മാത്രമേ ഇടപെടാൻ കഴിയുന്നുള്ളൂവെന്നും ശ്രീലേഖ പറഞ്ഞു. വാർഡിലെ പ്രശ്നങ്ങളും പരാതികളുമായി എല്ലാ ദിവസവും ആളുകൾ വീട്ടിലെത്തുന്നുണ്ട്. ഞായറാഴ്ചകളിൽപ്പോലും പരാതികളുമായി ആളുകൾ എത്തുന്നു. എന്നാൽ, കൗൺസിലർ എന്ന നിലയിൽ പരിമിതമായ കാര്യങ്ങൾ മാത്രമേ ചെയ്യാൻ കഴിയുന്നുള്ളൂവെന്നും അവർ പറഞ്ഞു.

ആജീവനാന്തം ബി.ജെ.പിയുടെ അച്ചടക്കമുള്ള ഒരു അംഗമായി പാർട്ടിയിൽ തുടരും. മോദിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടയായിട്ടാണ് താൻ പാർട്ടിയിൽ ചേർന്നതെന്നും മറ്റൊരു പാർട്ടിയിലേക്കും പോകാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അവർ ആവർത്തിച്ചു.

അമിതമായ ജോലിഭാരവും ജനങ്ങളുടെ പ്രതീക്ഷകളും മൂലം തനിക്ക് കടുത്ത മാനസിക സമ്മർദവും ശാരീരിക അസ്വസ്ഥതകളും (രക്തസമ്മർദം വർധിക്കുക, ഉറക്കമില്ലായ്മ) ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശാസ്തമംഗലം വാർഡിലെ ജനങ്ങളുടെ ആവശ്യങ്ങൾ പൂർണമായി ചെയ്തു കൊടുക്കാൻ കഴിയാത്തതിലുള്ള വിഷമം കാരണം താൻ രാജിസന്നദ്ധത അറിയിച്ച് മേയർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ആരോഗ്യപ്രശ്നങ്ങളും ഡോക്ടറുടെ നിർദേശപ്രകാരമുള്ള വിശ്രമവും കാരണം ഉണ്ടായ ആ ആശയക്കുഴപ്പം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.

ആശുപത്രിയിലായിരുന്ന തന്നെ ബി.ജെ.പിയുടെ ഉന്നത നേതാക്കൾ നേരിൽ കണ്ട് ആശ്വസിപ്പിക്കുകയും പാർട്ടിക്ക് തന്റെ സേവനം ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതോടെ രാജി പിൻവലിച്ചതായും അവർ കൂട്ടിച്ചേർത്തു.

ഡൽഹിയിൽ വനിതാ കമീഷൻ അംഗമാക്കാത്തതുകൊണ്ടാണ് രാജിവെച്ചതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ പൂർണമായും തെറ്റാണെന്നും താൻ കേരളത്തിൽ തന്നെ നിന്ന് ജനങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെന്നും ശ്രീലേഖ വ്യക്തമാക്കി. തന്നെ പിന്തുണച്ച എല്ലാ അഭ്യുദയകാംഷികൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് അവർ വീഡിയോ അവസാനിപ്പിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.