ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: അരുൺ ജെ. പ്രതാപിന്‍റെ നിയമന ശിപാർശ റദ്ദാക്കാൻ നോട്ടീസ് നൽകി

തിരുവനന്തപുരം: പുനർമൂല്യനിർണയത്തിലൂടെ റാങ്കിൽ മാറ്റംവന്നതിനെ തുടർന്ന്, വിവാദമായ ആസൂത്രണ ബോർഡ് ഇൻഡസ്ട്രി ആൻഡ് ഇൻഫാസ്ട്രക്ചർ ഡിവിഷൻ ചീഫ് തസ്തികയിൽ ജോലി ചെയ്തുവരുന്ന അരുൺ ജെ. പ്രതാപിന്‍റെ നിയമനശിപാർശ റദ്ദാക്കാൻ പി.എസ്.സി നീക്കം തുടങ്ങി. നിയമന ശിപാർശ റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനാവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഇക്കാര്യം ആസൂത്രണ ബോർഡിനെയും ഔദ്യോഗികമായി അറിയിച്ചു.

പുതിയ റാങ്ക് ലിസ്റ്റ് പ്രകാരം ഒന്നാം റാങ്കുകാരനായ ശ്യാം കൃഷ്ണന് ഉടൻ നിയമന ശിപാർശ നൽകും. 13ന് ഹൈകോടതിയിലെ കേസിൽ പി.എസ്.സി തൽസ്ഥിതി അറിയിക്കുകയും ചെയ്യും. സാധാരണ രീതിയിൽ നിയമനശിപാർശ റദ്ദാക്കണമെങ്കിൽ, ശിപാർശ നൽകിയ തീയതി മുതൽ ഒരുവർഷത്തിനകം ചെയ്യണം. എന്നാൽ, ഈ കേസിൽ പുനർമൂല്യനിർണയത്തിനു ശേഷം റാങ്ക്ലിസ്റ്റ് മാറിമറിഞ്ഞതിനാൽ സമയപരിധി ബാധകമല്ല. പുതിയ റാങ്ക്ലിസ്റ്റിൽ അരുൺ ജെ. പ്രതാപ് അഞ്ചാമനും പരാതിക്കാരനായ ശ്യാം കൃഷ്ണൻ ഒന്നാമനുമാണ്. പഴയ ലിസ്റ്റിൽ അരുൺ ജെ. പ്രതാപ് ഒന്നാംസ്ഥാനത്തും ശ്യാം കൃഷ്ണൻ മൂന്നാം സ്ഥാനത്തുമായിരുന്നു.

ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പെഴ്സ്പെക്ടീവ് പ്ലാനിങ്, പ്ലാൻ കോഓഡിനേഷൻ ഡിവിഷനുകളിലെ ചീഫ് തസ്തികകളിലേക്ക് 1,23,700 - 1,66,800 ശമ്പള സ്കെയിലുള്ള ഓരോ ഒഴിവിലേക്കാണ് പരീക്ഷ നടത്തിയത്. ആദ്യറാങ്ക് ലിസ്റ്റ് പ്രകാരം ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പ്ലാൻ കോഓഡിനേഷൻ ഡിവിഷനുകളിലെ തസ്തികളിൽ നിയമനം നടന്നിരുന്നു. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലെ റാങ്ക് ലിസ്റ്റിൽ മാത്രമാണ് പുനർമൂല്യനിർണയത്തിനുശേഷം മാറ്റംവന്നത്. പ്ലാൻ കോഓഡിനേഷൻ ഡിവിഷനിലെ ലിസ്റ്റിൽ മാറ്റമില്ല. എസ്. സജിമോൻ തന്നെയാണ് ഒന്നാം റാങ്കുകാരൻ.

പെഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷനിൽ നേരത്തെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിരുന്നെങ്കിലും റാങ്ക് ലിസ്റ്റ് തയാറാക്കിയിരുന്നില്ല. ഇപ്പോഴത്തെ റാങ്ക് ലിസ്റ്റിൽ ഒരു ഉദ്യോഗാർഥിയേയുള്ളൂ. മൂന്നു തസ്തികകൾ സംബന്ധിച്ചും ട്രൈബ്യൂണലിൽ കേസുണ്ട്. മൂല്യനിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് ആദ്യ രണ്ടു തസ്തികകളിലെ കേസ്. യോഗ്യത സംബന്ധിച്ച് പിഴവാണ് മൂന്നാമത്തെ തസ്തികയിലെ കേസിനാധാരം. തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് അരുൺ ജെ. പ്രതാപ് നൽകിയ ഹരജിയും ട്രൈബ്യൂണലിലുണ്ട്.

Tags:    
News Summary - Planning Board exam irregularities: Notice issued to cancel Arun J. Prathap's appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.