മാസപ്പടി: പിണറായിയെ ഒന്നാംപ്രതിയാക്കി വിജിലൻസ് നാളെ കേസെടുക്കും
തിരുവനന്തപുരം: ഹൈകോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ മാസപ്പടി-ഹവാല ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് തിങ്കളാഴ്ച കേസെടുക്കും. തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റിന് കീഴിൽ പ്രത്യേക സംഘം രൂപവത്കരിച്ചായിരിക്കും അന്വേഷണം. എസ്.ഐ.ടി രൂപവത്കരിക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമും വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ ഹൈകോടതി ഉത്തരവിട്ടതിന്‍റെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുക്കുന്നത്. നിയമം നിയമത്തിന്‍റെ വഴിയെ പോകുമെന്നും ഹൈകോടതി നിർദേശാനുസരണം കേസെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർ വ്യക്തമാക്കി. കേസിൽ അപ്പീൽ പോകേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവരടക്കമുള്ളവർക്കെതിരെ കൈക്കൂലി, ഹവാല ഇടപാടുകളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന ഡി.ജി.പിക്ക് നൽകിയ കത്തിൽ ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമികാന്വേഷണമാണ് നിലവിലുള്ളത്. എന്നാൽ, ഇ.ഡി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രാഥികാന്വേഷണം വേണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഹൈകോടതി സിംഗിള്‍ ബഞ്ചിന്‍റെ ഉത്തരവ്. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ഡി.ജി.പി ഇറക്കിയ ഉത്തരവും കോടതി റദ്ദാക്കി. കേസെടുക്കാനുള്ള ഹൈകോടതി ഉത്തരവ് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ വിജിലൻസ് ആസ്ഥാനത്തെത്തി. വിജിലൻസ് നിയമോപദേശകർ ഉത്തരവ് പരിശോധിക്കുകയും ചെയ്തു. അതിന്‍റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.
തിങ്കളാഴ്ച രാവിലെയാകും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക. രണ്ടു ദിവസം പ്രവൃത്തി ദിനമല്ലാത്തതിനാലാണ് നടപടി തിങ്കളാഴ്ചയിലേക്ക് മാറ്റിയതെന്നാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്.എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലെ അപാകത ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പിണറായി വിജയനും മുഹമ്മദ് റിയാസും ഉൾപ്പെടെ പ്രതിചേർക്കപ്പെടുന്നവർ ഹൈകോടതിയെ സമീപിക്കാനുള്ള സാധ്യത മുന്നിൽകണ്ട് കരുതലോടെയുള്ള നീക്കമാണ് വിജിലൻസ് നടത്തുന്നത്. ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ പോകാൻ സി.പി.എം ആവശ്യപ്പെട്ടെങ്കിലും സർക്കാർ നിരാകരിച്ചു. ഡി.ജി.പിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ഇതുവരെ നടത്തിയ ക്രൈംബ്രാഞ്ച് ഇതുസംബന്ധിച്ച രേഖകൾ വിജിലൻസിന് കൈമാറി.
ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നതിനാൽ അതിന് മുൻകൂർ അനുമതി ആവശ്യമില്ലെന്നാണ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.