ആസൂത്രണ ബോർഡ് പുതിയ റാങ്ക് പട്ടിക; ചോദ്യം ചെയ്യപ്പെടുന്നത് പി.എസ്.സിയുടെ വിശ്വാസ്യത
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും പരാതിക്കാരൻ ഒന്നാം റാങ്കുകാരനാകുകയും ചെയ്തതോടെ ചോദ്യം ചെയ്യപ്പെടുന്നത് പി.എസ്.സിയുടെ വിശ്വാസ്യത. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന നിയമനങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നാൽ അത് പി.എസ്.സിയെ വീണ്ടും സംശയനിഴലിലാക്കും.
കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് പി.എസ്.സി വഴി നടന്ന പല നിയമനങ്ങളിലെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. പി.എസ്.സിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചക്ക് ബലിയാടാവുന്നത് ഉദ്യോഗാർഥിയാണെന്ന വസ്തുതയുമുണ്ട്. പഴയ റാങ്ക് ലിസ്റ്റ് പ്രകാരം നിയമനം ലഭിച്ചയാൾ ഇടതു സംഘടന പ്രവർത്തകനാണെന്നും ഇയാൾക്കായി പി.എസ്.സി ക്രമക്കേട് നടത്തിയെന്നുമാണ് ആരോപണമെങ്കിലും ഇക്കാര്യങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിയണം. ഒന്നേകാൽ വർഷമായി ഒരു തസ്തികയിൽ ജോലിചെയ്യുന്നയാളെയാണ് പിരിച്ചുവിടേണ്ടത്. ഇതിനെതിരെ അദ്ദേഹം കോടതിയെ സമീപിക്കാനിടയുള്ളതിനാൽ നടപടി നിയമപോരാട്ടങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.
ചുരുക്കത്തിൽ പരാതിക്കാരനെ ഒന്നാം റാങ്കുകാരനാക്കി പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് വിവാദങ്ങളിൽനിന്ന് താൽക്കാലികമായി തലയൂരുക മാത്രമാണ് പി.എസ്.സി ചെയ്തത്. പരീക്ഷ ക്രമക്കേട് സംബന്ധിച്ച് ആരോപണം ഉയർന്നപ്പോൾതന്നെ മാർക്ക് ലിസ്റ്റടക്കം ഉദ്യോഗാർഥികൾക്ക് നൽകാതെ പ്രതിരോധിക്കാനാണ് പി.എസ്.സി ശ്രമിച്ചത്. പി.എസ്.സിയുടെ രഹസ്യാത്മകതയാണ് ഉദ്യോഗാർഥികളിൽ സംശയമുയർത്തിയത്. ഒടുവിൽ വീഴ്ച സമ്മതിച്ചപ്പോഴും ക്ലറിക്കൽ പിഴവെന്ന് പറഞ്ഞ് നിസ്സാരവത്കരിച്ചു.
ആ ‘ക്ലറിക്കൽ പിഴവ്’ ക്രൈംബ്രാഞ്ച് അന്വേഷണം ക്ഷണിച്ചുവരുത്തുകയും ചെയ്തു. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം പി.എസ്.സി ആസ്ഥാനത്ത് ആഴ്ചകളോളം കയറിയിറങ്ങി രേഖകൾ ശേഖരിച്ച് ക്രമക്കേട് സ്ഥിരീകരിച്ചു. രണ്ടു ഉദ്യോഗസ്ഥരെ പ്രതികളാക്കി റിപ്പോർട്ട് നൽകി. മറ്റു പരാതികളിലും അന്വേഷണം നടക്കുകയാണ്.
ഇതിനിടെയാണ് ചീഫ് തസ്തികയുടെ പുനർമൂല്യനിർണയവും അഭിമുഖവും പൂർത്തിയാക്കി പി.എസ്.സി റാങ്കുപട്ടിക പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചത്. പി.എസ്.സി തലപ്പത്തുള്ളവരെയുൾപ്പെടെ സംശയത്തിൽ നിർത്തുന്ന കാര്യങ്ങളാണ് പരീക്ഷകളിൽ നടക്കുന്നെന്ന നിലയിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം. അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ ഹൈകോടതി വിമർശിച്ചതും പി.എസ്.സിക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.