ആർ. ചന്ദ്രശേഖരൻ വീണ്ടും ഐ.എൻ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ്

കൊച്ചി: ഐ.എൻ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റായി ആർ. ചന്ദ്രശേഖരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ നാലാം തവണയാണ് ചന്ദ്രശേഖരൻ ഐ.എൻ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ് പദവിയിലെത്തുന്നത്. സംസ്‌ഥാന റിട്ടേണിംഗ് ഓഫിസർ വി.ആർ. ജഗന്നാഥനാണ് ചന്ദ്രശേഖരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. 2007ലാണ് ആർ. ചന്ദ്രശേഖരനെ സംസ്‌ഥാന പ്രസിഡന്റായി ദേശീയ നേതൃത്വം നോമിനേറ്റ് ചെയ്തത്. തുടർന്ന് 2012ലും 2016ലും നടന്ന തെരഞ്ഞെടുപ്പിൽ ചന്ദ്രശേഖരൻ സംസ്‌ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സംസ്‌ഥാന പ്രസിഡന്റ് സ്‌ഥാനത്തേക്ക്‌ ആകെ 25 നാമനിർദേശ പത്രികകളാണ് വിതരണം ചെയ്തിരുന്നത്. 23 പത്രികകൾ സമർപ്പിക്കപ്പെട്ടു. ആർ. ചന്ദ്രശേഖരന് വേണ്ടി 14 ജില്ലാ കമ്മിറ്റികളും ഏഴ് വ്യക്തികളും ചേർന്ന് 21 നാമനിർദേശ പത്രികകൾ സമർപ്പിച്ചിരുന്നു. ചന്ദ്രശേഖരന് വേണ്ടി സമർപ്പിക്കപ്പെട്ട രണ്ട് നാമനിർദേശ പത്രികകളും കെ.കെ. ധർമ്മരാജന് വേണ്ടി സമർപ്പിക്കപ്പെട്ട രണ്ട് നാമനിർദേശ പത്രികകളും സൂക്ഷ്മ പരിശോധനയിൽ തള്ളയതിനെ തുടർന്നാണ് ആർ. ചന്ദ്രശേഖരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

2020 മാർച്ചിലാണ്‌ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും കോവിഡിനെ തുടർന്നാണ് നീണ്ടുപോയത്. ഐ.എൻ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്ത 472 യൂനിയനുകളിൽ ഓരോ യൂനിയനിൽനിന്നും 100 പേർക്ക് ഒരു പ്രതിനിധി എന്ന കണക്കിൽ ജില്ലാ പ്രതിനിധികളെ തെരഞ്ഞെടുത്ത് അവർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു.

സംഘടനാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മാതൃകയാക്കാവുന്ന തരത്തിലാണ് ഐ.എൻ.ടി.യു.സി സംസ്‌ഥാന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയതെന്നും തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും സ്‌ഥിരം ജോലി ഇല്ലാതാക്കുന്നതിനെതിരെയും പൊതുമേഖലാ സ്‌ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയും ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർ. ചന്ദ്രശേഖരൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി എളമരം കരീം, എ.ഐ.ടി.യു.സി സംസ്‌ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ എന്നിവർ ടെലഫോണിൽ വിളിച്ച് അഭിനന്ദിച്ചതായി ആർ. ചന്ദ്രശേഖരൻ പറഞ്ഞു.

സംസ്‌ഥാന റിട്ടേണിംഗ് ഓഫിസർ വി.ആർ. ജഗന്നാഥൻ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസർ തമ്പി കണ്ണാട്, ക്രെഡൻഷ്യൽ കമ്മിറ്റി കൺവീനർ വി.എ. ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - R. Chandrasekharan is again the state president of INTUC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.