കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി; അടിയന്തര അന്വേഷണം, നിയമ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ബിന്ദു

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. നിയമ നടപടികൾ സ്വീകരിക്കണമെന്ന് സർവകലാശാല വി.സിക്കും രജിസ്ട്രാർക്കും മന്ത്രി നിർദേശം നൽകി.

ആരോപണ വിധേയയായ അധ്യാപിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ അനൗചിത്യം പരിശോധിക്കണമെന്നും വി.സിക്ക് നൽകിയ കത്തിൽ മന്ത്രി ആവശ്യപ്പെട്ടു. സർവകലാശാലയ്ക്കും ഉന്നതവിദ്യാഭ്യാസ മേഖലക്കും അവമതിപ്പുണ്ടാക്കിയ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും നിർദേശം നൽകിയിട്ടുണ്ട്.

കേരള സര്‍വകലാശാലയിലെ വകുപ്പ് മേധാവി ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതി. സംസ്‌കൃതം വകുപ്പ് മേധാവി സി.എന്‍ വിജയകുമാരിക്കെതിരെയാണ് പി.എച്ച്.ഡി വിദ്യാർഥിയായ വിപിന്‍ വിജയൻ പരാതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ വൈസ്ചാന്‍സലര്‍ക്കും കഴക്കൂട്ടം എ.സി.പിക്കും പരാതി നല്‍കി.

തനിക്ക് പി.എച്ച്.ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തി. പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം എന്ന് പറഞ്ഞ് അപമാനിച്ചു എന്നുമാണ് വിദ്യാര്‍ഥിയുടെ ആരോപണം. എം.ഫിലില്‍ വിദ്യാര്‍ഥിയുടെ ഗൈഡായിരുന്നു സി.എന്‍ വിജയകുമാരി. ഇവര്‍ പിന്നീട് തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോര്‍ട്ട് സര്‍വകലാശാലക്ക് നല്‍കിയെന്നും വിദ്യാര്‍ഥി ആരോപിക്കുന്നു.

‘എനിക്ക് പി.എച്ച്.ഡി ലഭിക്കുന്നത് കാണണമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തി. സുഹൃത്തുക്കള്‍ക്ക് മുന്നില്‍വെച്ച് മാനസികമായി നാണം കെടുത്തി. ഓപ്പണ്‍ ഡിഫന്‍സില്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. എം.ഫില്‍ പഠിക്കുമ്പോള്‍ തന്നെ പട്ടിക ജാതിയില്‍പ്പെട്ടയാളെന്ന വേര്‍തിരിവ് കാണിച്ചിരുന്നു. പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം എന്ന് പറഞ്ഞ് അധിക്ഷേപിച്ചു. താഴ്ന്ന ജാതിക്കാര്‍ സംസ്‌കൃതം വകുപ്പിനെ അശുദ്ധമാക്കിയെന്ന് പറഞ്ഞു. മറ്റ് പല കുട്ടികള്‍ക്കും ഇതേ അനുഭവം ഉണ്ടായി. പഠനം പൂര്‍ത്തിയാക്കാന്‍ വേണ്ടി എല്ലാം കണ്ടില്ലെന്ന് നടിച്ചു. എതിര്‍ത്താല്‍ ഒന്നുമില്ലാത്ത അവസ്ഥയിലാകും. പി.എച്ച്.ഡി നല്‍കില്ല, അര്‍ഹതയില്ലെന്ന് പറഞ്ഞു. മാനസികമായി തളര്‍ന്നു. നിയമപരമായി മുന്നോട്ട് പോകും,’ വിപിന്‍ വിജയന്‍ പറഞ്ഞു.

Tags:    
News Summary - r bindu orders immediate probe in caste abuse complaint at kerala university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.