ക്വാറൻ്റീനിൽ കഴിയുന്ന ആളുണ്ട്, താൽക്കാലികമായി പ്രവേശനമില്ല; വീടിനു മുമ്പിൽ ബോർഡ് വെച്ച് സൈനികൻ

കുന്ദമംഗലം: ചെത്തുകടവ് കൊഴഞ്ചേരിപ്പാടത്തെ ഒരു വീടിന് മുമ്പിൽ ഇങ്ങനൊരു ബോർഡുണ്ട് "ഇവിടെ ക്വാൻ്റീൻ നിരീക്ഷണത്തിൽ കഴിയുന്ന ആളുണ്ട്. ഇവിടേക്ക് താൽക്കാലികമായി പ്രവേശനമില്ല". സൈനികനായ മള്ളത്തൊടികയിൽ രഞ്ജിത്തിൻ്റെ വീടിന് മുമ്പിലാണ് ഇങ്ങനൊരു ബോർഡുയർന്നത്. കരസേനയിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ലാൻസ് നായിക് ആയ രഞ്ജിത്ത് മെയ് 29 ന് ആണ് നാട്ടിലെത്തിയത്. സാധാരണ നാട്ടിലെത്തുമ്പോൾ സുഹൃത്തുക്കളും അയൽക്കാരും ബന്ധുക്കളുമൊക്കെയായി രഞ്ജിത്തിൻ്റെ വീട്ടിൽ നിത്യസന്ദർശകരായിരിക്കും.

ഇത്തവണ അറിയാതെ പോലും ആരും വീട്ടിലേക്ക് വന്നു പോകരുതെന്നു കരുതിയാണ് രഞ്ജിത്ത് ബോർഡ് വെച്ചത്. വീട്ടിലെത്തും മുമ്പ് തന്നെ അച്ഛനേയും അമ്മയേയും സഹോദരിയുടെ വീട്ടിലേക്കും ഭാര്യ അമ്പിളിയെ അവരുടെ വീട്ടിലേക്കും നിർബന്ധപൂർവ്വം പറഞ്ഞയച്ചു. രഞ്ജിത്ത് എത്തിയ കാര്യം വാർഡ് മെമ്പർ സി.വി. സംജിത്ത് ആരോഗ്യ വിഭാഗത്തെ വിളിച്ചറിയിച്ചു. ഇപ്പോൾ വീട്ടിൽ തനിച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ച് ഏകാന്തവാസത്തിലാണ് ഈ ജവാൻ. 

സിയാച്ചിനിലെ ക്യാമ്പിലായിരുന്നു രഞ്ജിത്ത്. ഇതിനിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലേ വിമാനത്താവളത്തിൽ പരിശോധനക്ക് നിയോഗിക്കപ്പെട്ടു. തുടർന്ന് ലഡാക്കിലെ ക്വാറൻറീൻ ആശുപത്രിയിൽ 14 ദിവസത്തെ ക്വാറൻ്റീന് വിധേയനായി. എല്ലാവിധ പരിശോധനകൾക്കും ശേഷമാണ് രഞ്ജിത്ത് വിമാനം കയറിയത്. നാട്ടിലെ ക്വാൻ്റീൻ കാലാവധി കഴിയുന്ന മുറക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചില്ലെങ്കിലും സ്വന്തം നിലയിൽ പണം മുടക്കിയാണെങ്കിലും കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിച്ചതിനു ശേഷമേ താൻ വീടിന് മുമ്പിൽ വെച്ച ബോർഡ് അഴിക്കൂ എന്ന് രഞ്ജിത്ത് പറയുന്നു.

Tags:    
News Summary - quarantine kerala local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.