സംഭവശേഷം പി.വി. അൻവർ എം.എൽ.എ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു

അർധരാത്രി കോളനിയിലെത്തിയ പി.വി. അൻവറിനെ യു.ഡി.എഫ്​ പ്രവർത്തകർ തടഞ്ഞു; നടന്നത്​ വധശ്രമമെന്ന് എം.എൽ.എ

മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി. അന്‍വറിനെ യു.ഡി.എഫ്​ പ്രവർത്തകർ കൈയേറ്റം ചെയ്​തതായി പരാതി. വെള്ളിയാഴ്​ച രാത്രി 11ഓടെ മുണ്ടേരി കോളനിയിലെത്തിയ എം.എല്‍.എയെ യു.ഡി.എഫ് പ്രവർത്തകർ തടയുകയായിരുന്നു. എന്നാൽ, തനിക്കെതിരെ നടന്നത്​ വധശ്രമമാണെന്ന്​ എം.എല്‍.എ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവർത്തകർ മുൻ മന്ത്രിയും കോൺഗ്രസ്​ നേതാവുമായ ആര്യാടന്‍ മുഹമ്മദിൻെറ വീട്ടിലേക്ക് മാർച്ച് നടത്തി.

രണ്ടിടത്ത് വെച്ച് അക്രമികള്‍ തടഞ്ഞെന്നും 15ഓളം ബൈക്കുകളിലായാണ് 30 പേർ അടങ്ങുന്ന സംഘം എത്തിയതെന്നും അവരുടെ കൈയില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും എം.എൽ.എ പറയുന്നു. രാത്രി എന്തിന്​ വന്നു, ഈ സമയത്ത് ഇവിടെ കണ്ടാല്‍ കൊന്നുകളയുമെന്നൊക്കെയായിരുന്നു ഭീഷണിയെന്നും എം.എല്‍.എ പറഞ്ഞു. തൻെറ കാറു തടഞ്ഞ അക്രമിസംഘം വണ്ടിയില്‍ നിന്ന് പിടിച്ചിറക്കാന്‍ ശ്രമിച്ചു. ഗണ്‍മാന്‍ അവരെ തടയാന്‍ ശ്രമിച്ചു. അതോടെ മർദ്ദനം അദ്ദേഹത്തിന് നേരെയായി. അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ടെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

എം.എല്‍.എ അർധരാത്രി കോളനിയിലെത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആരോപണം. ആദ്യം രണ്ടുപേര്‍ ബൈക്ക് കുറുകെയിട്ട് എം.എല്‍.എയുടെ വാഹനം തടയുകയായിരുന്നു. പിന്നീടാണ് കൂടുതല്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും എം.എല്‍.എക്ക് നേരെ കൈയേറ്റ ശ്രമമുണ്ടാകുകയും ചെയ്യുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കുടുംബയോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ അവിടെ എത്തിയതെന്നും അതുകഴിഞ്ഞ് വരുംവഴി മുണ്ടേരി കോളനിയിലെ രോഗിയായ ഒരാളെ സന്ദര്‍ശിക്കാനാണ് അവിടെ പോയതെന്നും എം.എല്‍.എ പറഞ്ഞു.

നിലമ്പൂരിലെ ജനങ്ങൾ പതിനായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച അവരുടെ ജനപ്രതിനിധിയാണു ഞാൻ. ആ എനിക്ക്‌ രാത്രി പത്ത്‌ കഴിഞ്ഞാൽ എൻെറ മണ്ഡലത്തിലൂടെ സഞ്ചാര സ്വാതന്ത്ര്യമില്ല. മുണ്ടേരി ആര്യാടൻെറ തട്ടകമാണെന്ന് അറിയില്ലേ.. ഇവിടെ നിന്ന് ജീവനോടെ പോകില്ല എന്ന വധഭീഷണിയും മുഴക്കിയായിരുന്നു ആര്യാടൻെറ കൂലി പട്ടാളത്തിൻെറ അക്രമം. നിന്നെയൊന്നും ഭയന്ന് ഒരിഞ്ച്‌ പിന്നോട്ട്‌ മാറില്ല. പരാജയഭീതി ഉണ്ടെങ്കിൽ അക്രമമാകരുത്‌ മറുപടി. കാലം മാറി. ജനങ്ങൾ ഇന്ന് എനിക്കൊപ്പമുണ്ടെന്നും പി.വി. അൻവർ പറഞ്ഞു.

സംഭവം അറിഞ്ഞതോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്​ഥലത്തെത്തുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്തു. പിന്നീട് ഇവർ സംഘടിച്ച് ആര്യാടന്‍ മുഹമ്മദിൻെറ വീട്ടിലേക്ക് മാർച്ച് നടത്തി. എം.എല്‍.എയുടെ പരാതിയെ തുടര്‍ന്ന് വാഹനം തടഞ്ഞയാളെ പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ പോത്തുകൽ പൊലീസ് സ്​റ്റേഷനിലെത്തി.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.