പി.വി. അൻവറിന്‍റെ അനധികൃത സ്വത്ത്: കോടതിയലക്ഷ്യ ഹരജിയിൽ ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം തേടി

കൊച്ചി: മുൻ എം.എൽ.എ പി.വി. അൻവറിന്‍റെ അനധികൃത സ്വത്ത് സംബന്ധിച്ച ഉത്തരവ്​ നടപ്പാക്കിയില്ലെന്ന് ആരോപിക്കുന്ന കോടതിയലക്ഷ്യ ഹരജിയിൽ ​ഹൈകോടതി ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം തേടി.

അനധികൃത സ്വത്ത് സംബന്ധിച്ച് കേന്ദ്ര ഏജൻസികളായ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റിന്‍റെയും (ഇ.ഡി) ആദായ നികുതി വകുപ്പിന്‍റെയും അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയ വിവരാവകാശ പ്രവർത്തകനായ മലപ്പുറം ചേലാമ്പ്ര സ്വദേശി കെ.വി. ഷാജി നൽകിയ കോടതിയലക്ഷ്യ ഹരജിയാണ്​ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​. വിശദീകരണത്തിന്​ ആദായ നികുതി വകുപ്പ്​ സമയം തേടിയ​തിനെത്തുടർന്ന്​ ഹരജി ജൂൺ 26ലേക്ക്​ മാറ്റി.

പ്രിൻസിപ്പൽ ഡയറക്ടർ അന്വേഷണം നടത്തുമെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചതിനെത്തുടർന്ന്​ ഷാജിയുടെ ഹരജിയിൽ സമാന ഉത്തരവ്​ കോടതി പുറപ്പെടുവിച്ചിരുന്നു. ​തുടർന്ന്​ കൊച്ചി ഇൻകം ടാക്സിലെ അന്വേഷണ വിഭാഗം പ്രിൻസിപ്പൽ ഡയറക്ടർ അന്വേഷണം നടത്തിയെങ്കിലും നടപടിയെടുത്തില്ലെന്നാരോപിച്ചാണ്​ കോടതിയലക്ഷ്യ ഹരജി.

2011, 2014, 2016, 2019 വർഷങ്ങളിൽ വിവിധ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോൾ പി.വി. അൻവർ നാമനിർദേശ പത്രികക്കൊപ്പം നൽകിയ സ്വത്തുവിവരങ്ങളിൽ വൻ തോതിൽ വരുമാന വർധനയുണ്ടെങ്കിലും ആദായ നികുതി വകുപ്പിന് നൽകിയ രേഖകളിൽ വരുമാനമില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ആദ്യ ഹരജി നൽകിയത്​.

Tags:    
News Summary - PV Anvar's illegal assets: Income Tax Department seeks explanation in contempt petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.