കോഴിക്കോട്: ബേപ്പൂരിൽ മന്ത്രി പി.എ. മഹമ്മദ് റിയാസിനോട് തോറ്റാൽ കോഴിക്കോട് കിഡ്സൺ കോർണർ മുതൽ റെയിൽവേ സ്റ്റേഷൻ വരെ തലമൊട്ടയടിച്ച് കാതിൽ കമ്മലിട്ട് നടക്കാൻ തയ്യാറാണെന്ന് ആവർത്തിച്ച് യു.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവർ. പക്ഷേ, റിയാസ് കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ വന്ന് ഇക്കാര്യത്തിൽ റിയാസ് ബെറ്റ് വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘ഞാൻ മൊട്ടയടിക്കാൻ തയാറാണ്. അതിൽ എന്താ തർക്കം? പക്ഷേ, അതിന് അദ്ദേഹം ഇപ്പോഴും തയ്യാറായിട്ടില്ലല്ലോ. ഞാൻ എന്താ പറഞ്ഞത്? തോറ്റാൽ ഞാൻ മൊട്ട അടിച്ചു നടക്കും എന്നല്ല പറഞ്ഞത്. ഞാൻ തോറ്റാൽ റിയാസ് മൊട്ട അടിക്കണം, റിയാസ് ജയിച്ചാൽ ഞാൻ മൊട്ടയടിച്ചു നടക്കും എന്നാണ് പറഞ്ഞത്. അതാണല്ലോ ബെറ്റ്. അതിനാണല്ലോ പത്രമാധ്യമ പ്രവർത്തകരോട് പ്രസ്സ് ക്ലബ്ബിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത്. അദ്ദേഹം അതിന് തയ്യാറായിട്ടില്ലല്ലോ ഇതുവരെ’ -അൻവർ പറഞ്ഞു.
‘ഞാൻ കോഴിക്കോട് പ്രസ് ക്ലബ്ബിലേക്കല്ലേ അദ്ദേഹത്തെ ക്ഷണിച്ചത്? നിങ്ങളുടെ മുന്നിൽ അത് അഗ്രിമെന്റ് എഴുതാം. അദ്ദേഹം ഇതുവരെ വന്നിട്ടില്ല. പ്രതികരിച്ചിട്ട് പോലുമില്ല. ഇപ്പോഴും 88000 വോട്ടിന് അദ്ദേഹം ജയിക്കും എന്ന് പറഞ്ഞ് നടക്കുകയല്ലേ. ആ കോൺഫിഡൻസ് ഉണ്ടെങ്കിൽ എന്താ ബെറ്റിന് വരാൻ തയ്യാറാവാത്തത്?’ -അൻവർ ചോദിച്ചു.
ബെറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും താൻ തോറ്റാൽ മൊട്ടയടിക്കും എന്ന പ്രചരണം തെറ്റാണെന്ന് അൻവർ പറഞ്ഞു. ‘നിങ്ങൾ ഞാൻ നടത്തിയ പ്രസ് മീറ്റ് എടുത്തു നോക്കൂ? പ്രസ് ക്ലബ്ബിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത് തോറ്റാൽ മൊട്ട അടിക്കാൻ ഞാൻ തയാറാണ്, അഡീഷനലായി കമ്മലും കൂടെ ഇടാം. അദ്ദേഹം കമ്മൽ ഇടണ്ട. ഇതിന് തയ്യാറുണ്ടോ? പ്രസ് ക്ലബ്ബിൽ വന്നിട്ട് അഗ്രിമെന്റ് സൈൻ ചെയ്യാൻ വാ. അതാണ് അതിന്റെ വസ്തുത. പ്രസ്സ് മീറ്റ് ഒന്ന് കേട്ടാൽ മനസ്സിലാകും’ -അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.