‘സദുദ്ദേശ്യത്തോടെ തമാശ രൂപത്തിൽ നടത്തിയ പരാമർശങ്ങൾ പുകഴ്ത്തലായി വ്യാഖ്യാനിച്ചു’; വിവാദത്തിൽ വിശദീകരണവുമായി പി.വി അബ്ദുൽ വഹാബ്

രാജ്യസഭയിൽ ബി.ജെ.പിക്കാരായ കേന്ദ്രമന്ത്രിമാരെ പുകഴ്ത്തിയ നടപടി വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി മുസ്‌ലിം ലീഗ് നേതാവ് പി.വി അബ്ദുൽ വഹാബ് എം.പി. സദുദ്ദേശ്യത്തോടെ തമാശ രൂപത്തിൽ താൻ നടത്തിയ പരാമർശങ്ങൾ പുകഴ്ത്തലായി ചില കേന്ദ്രങ്ങൾ വ്യാഖ്യാനിച്ചെന്നും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കേരള സർക്കാരിനെ പരസ്യമായി വിമർശിക്കുമ്പോൾ തന്നെ ഡൽഹിയിൽ കേരളത്തിന്റെ അംബാസിഡറായി ചമയുകയാണ് വി. മുരളീധരൻ എന്ന് തമാശ രൂപത്തിൽ പരാമർശിച്ചതിനെയാണ് പ്രശംസയായി പലരും വ്യാഖ്യാനിച്ചത്. നൈപുണ്യ വികസന മേഖലയിൽ കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും ബജറ്റ് വിഹിതം കൂട്ടണമെന്നും പ്രസംഗത്തിൽ ആവശ്യപ്പെട്ടു. മന്ത്രി രാജീവ് ചന്ദ്രശേഖരനെ പരാമർശിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ കണ്ട് ഫണ്ട് വാങ്ങുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ തമാശയും പുകഴ്ത്തലായി വ്യാഖ്യാനിക്കപ്പെട്ടു. പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ സാദിഖലി ശിഹാബ് തങ്ങൾ വസ്തുത അന്വേഷിക്കുകയും കാര്യങ്ങൾ അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും വാഹാബ് കുറിച്ചു.

വി. മുരളീധരൻ ഡൽഹിയിൽ കേരളത്തിന്റെ അംബാസഡറാണെന്നാണ് രാജ്യസഭയിൽ ധനവിനിയോഗ ബില്ലിൽ നടന്ന ചർച്ചയിൽ വഹാബ് അഭിപ്രായപ്പെട്ടത്. മന്ത്രി രാജീവ് ചന്ദ്രശേഖർ വൈദഗ്ധ്യ വികസനത്തിൽ ചെയ്യുന്നത് പ്രശംസനീയമാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്നും വഹാബ് പറഞ്ഞു. താങ്കൾ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിന്റേത് ശൂന്യമാകുമായിരുന്നുവെന്ന് മന്ത്രി മുരളീധരനെ നോക്കി വഹാബ് പറഞ്ഞു. സ്വന്തം പാർട്ടിയുടെ മാത്രമല്ല, കേരളത്തിന്റെ കാര്യവും മന്ത്രി ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, കേരളത്തിൽ വരുമ്പോൾ ആവശ്യമില്ലാത്ത ചില പരാമർശങ്ങൾ അദ്ദേഹം കേരള സർക്കാറിനെ കുറിച്ച് നടത്താറുണ്ടെന്നും വഹാബ് കൂട്ടിച്ചേർത്തു.

പ്രസംഗം വിവാദമായതോടെ എം.പിയുടെ നടപടിയോട് പാർട്ടി യോജിക്കുന്നില്ലെന്നും വിശദീകരണം തേടുമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾ വാർത്ത കുറിപ്പിൽ അറിയിച്ചിരുന്നു. ‘‘കേന്ദ്ര മന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയിൽ പി.വി അബ്ദുൽ വഹാബ് എം.പി നടത്തിയ പരാമർശത്തോട് പാർട്ടി യോജിക്കുന്നില്ല. ഏത് സാഹചര്യത്തിലാണ് പ്രസ്തുത പരാമർശം എന്നതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കും’’, എന്നിങ്ങനെയായിരുന്നു കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ചുകൊണ്ട് രാജ്യസഭയിൽ ഞാൻ നടത്തിയ പ്രസംഗത്തിനിടെ കേന്ദ്ര മന്ത്രിമാരെ അഭിനന്ദിച്ചുവെന്ന രീതിയിൽ ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തിയത് ദൗർഭാഗ്യകരമാണ്. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ഖേലോ ഇന്ത്യ പദ്ധതി നടപ്പാക്കിയത് വിവേചനപരമായിട്ടായിരുന്നു. കായിക താരങ്ങൾ ഏറെയുള്ള കേരളത്തിന് തുച്ഛമായ തുകയാണ് അനുവദിച്ചത്. കേരളത്തിന് കൊടുത്തതിന്റെ പത്തിരട്ടി ഗുജറാത്തിന് അനുവദിച്ചു. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് ഞാൻ പ്രസംഗം തുടങ്ങിയത്. ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ ഒഴിവാക്കുന്ന, വിദ്യാഭ്യാസ മേഖലയെ ഗൗനിക്കാത്ത കേന്ദ്ര സർക്കാർ നയം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പ്രസംഗത്തിൽ സൂചിപ്പിച്ചു.

കേരള സർക്കാരിനെ പരസ്യമായി വിമർശിക്കുമ്പോൾ തന്നെ ഡൽഹിയിൽ കേരളത്തിന്റെ അംബാസിഡറായി ചമയുകയാണ് വി. മുരളീധരൻ എന്ന് തമാശ രൂപത്തിൽ പരാമർശിച്ചതിനെയാണ് പ്രശംസയായി പലരും വ്യാഖ്യാനിച്ചത്. സൻസദ് ആദർശ് ഗ്രാമയോജന ഉൾപ്പെടെയുള്ള ഒട്ടേറെ കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്തിക്കുന്നതിന് ഞാൻ എപ്പോഴും ശ്രമം നടത്തിയിട്ടുണ്ട്. വിവിധ പ്രദേശങ്ങൾക്ക് അതിന്റെ നേട്ടം ലഭിക്കുകയും ചെയ്തു. നൈപുണ്യ വികസന മേഖലയിൽ കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും ബജറ്റ് വിഹിതം കൂട്ടണമെന്നും ഈ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. മന്ത്രി രാജീവ് ചന്ദ്രശേഖറിനെ പരാമർശിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ കണ്ട് ഫണ്ട് വാങ്ങുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ തമാശയും പുകഴ്ത്തലായി വ്യാഖ്യാനിക്കപ്പെട്ടു.

സദുദ്ദേശ്യത്തോടെയുള്ള എന്റെ സംസാരത്തെ പലരും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നു. പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ എന്റെ നേതാവ് ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വസ്തുത അന്വേഷിച്ചു. കാര്യങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ട്.

Tags:    
News Summary - PV Abdul Wahab explains the controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.