പുതുവൈപ്പിൻ ലാത്തിചാർജ്: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം -ചെന്നിത്തല

കോഴിക്കോട്: പുതുവൈപ്പിനിൽ ലാത്തിചാർജിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ.ഒ.സി പ്ലാന്‍റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു പുതുവൈപ്പിൻ നിവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

ഐ.ഒ.സി പ്ലാന്‍റ് വിഷയത്തിൽ മുഖ്യമന്ത്രി നടത്തുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ട്. എന്നാൽ, തോക്കും ലാത്തിയും ഉപയോഗിച്ചു സമരത്തെ അടിച്ചമർത്താമെന്ന് ധരിക്കരുത്. പ്രശ്നത്തിൽ താൻ നിസഹായയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറയുമ്പോൾ ഈ സർക്കാറിന്‍റെ അവസ്ഥ എന്താണെന്ന് ജനങ്ങൾക്ക് ബോധ്യമാകുമെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

തത്തയുടെ ചിറകും കാലും അരിഞ്ഞു മൂലയ്ക്കിട്ടപ്പോൾ സംസ്ഥാന സർക്കാറിന്‍റെ അഴിമതി വിരുദ്ധതയുടെ ആത്മാർഥ ചിത്രം വെളിപ്പെട്ടെന്ന് മുൻ വിജിലൻസ് ഡയറക്ടര് ജേക്കബ് തോമസിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ചെന്നിത്തല പറഞ്ഞു. ജേക്കബ് തോമസിനെ എന്തെല്ലാം വിശേഷങ്ങൾ ചേർത്താണ് മുഖ്യമന്ത്രി വാഴ്ത്തിയത്. കട്ടില് കണ്ടു പനിക്കേണ്ടെന്നു പറഞ്ഞവർ തത്തയെ കൂട്ടിൽ പോലുമിടാതെ മൂലയ്ക്കൊതുക്കി. ഇപ്പോൾ തത്തയുടെ യഥാർഥ സ്ഥിതി എല്ലാവർക്കും ബോധ്യപ്പെട്ടെന്നും ചെന്നിത്തല വ്യക്തമാക്കി. 


 

Tags:    
News Summary - puthuvypeen lathicharge ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.