കോരയാർ പുഴ
പാലക്കാട്: എലപ്പുള്ളിയില്‍ ഒയാസിസ് ബ്രൂവറി കമ്പനിക്ക് കെട്ടിടനിർമാണത്തിന് വെള്ളം അനുവദിക്കാൻ തീരുമാനിച്ച് സി.പി.എം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്ത്. കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങളുടെ എതിര്‍പ്പ് വോട്ടെടുപ്പിലൂടെ മറികടന്നാണ് കമ്പനി നിർമിക്കാനുദ്ദേശിക്കുന്ന എലപ്പുള്ളി പഞ്ചായത്തിനോട് തൊട്ടടുത്ത പുതുശ്ശേരി പഞ്ചായത്ത് ഭരണസമിതി കമ്പനിക്ക് വെള്ളം നല്‍കാനുള്ള തീരുമാനമെടുത്തത്. കെട്ടിടനിർമാണത്തിന് ആവശ്യമായ മുഴുവന്‍ വെള്ളവും വാളയാര്‍-കോരയാര്‍ പുഴയില്‍നിന്ന് നല്‍കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി യോഗത്തിലായിരുന്നു കെട്ടിടനിർമാണത്തിന് വെള്ളം ആവശ്യപ്പെട്ട കമ്പനിയുടെ കത്ത് ചര്‍ച്ചക്കെടുത്തത്. വെള്ളക്കടലാസിൽ നൽകിയ കത്ത് അജണ്ടയിൽ വെക്കാതെ ഭരണസമിതി പാസാക്കി. തുടർന്ന് പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം ഒരുങ്ങി. കൃഷിക്കും വീട്ടാവശ്യത്തിനും ഉപയോഗിക്കുന്ന പുഴവെള്ളമെടുക്കുന്നത് അനുവദിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. തര്‍ക്കമായതോടെ വിഷയം വോട്ടെടുപ്പിലേക്ക് നീങ്ങി. രണ്ടു സ്വതന്ത്രര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ കമ്പനിക്ക് വെള്ളം നല്‍കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ തീരുമാനം പാസായി.
വെള്ളം നൽകാനുള്ള തീരുമാനത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കോൺഗ്രസ് അംഗങ്ങൾ വ്യക്തമാക്കി. ജനകീയ പ്രതിഷേധങ്ങൾ നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
പുഴയില്‍നിന്ന് കമ്പനി നിർമാണത്തിന് വെള്ളം നല്‍കരുതെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു. ഒയാസിസ് കമ്പനിക്ക് മദ്യനിർമാണശാലയുടെ കെട്ടിടം നിർമിക്കാന്‍ ഇതുവരെ എലപ്പുള്ളി പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.