കെ.കെ. അബ്രഹാമിനെ സുൽത്താൻ ബത്തേരി കോടതിയിലേക്ക് കൊണ്ടുവരുന്നു

പുൽപ്പള്ളി ബാങ്ക് വായ്പത്തട്ടിപ്പ്: അബ്രഹാം ആശുപത്രിയിൽ

കല്പറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ പ്രതിയായി മാനന്തവാടി ജില്ല ജയിലിൽ റിമാൻഡിൽ കഴിയുന്ന കെ.കെ. അബ്രഹാമിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി.

വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് മെഡിക്കൽ പരിശോധനക്ക് വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥതയെ തുടർന്ന് ഇ.സി.ജിയിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് ഹൃദ്രോഗ വിഭാഗം പരിശോധനക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

5.62 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലൻസ്

കൽപറ്റ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. അബ്രഹാം ഉൾപ്പെട്ട പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ വിജിലൻസ് തയാറാക്കിയ കുറ്റപത്രം സമർപ്പിച്ചു. 5.62 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോർട്ടിലുള്ളത്.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് തലശ്ശേരി വിജിലൻസ് കോടതിയിൽ വയനാട് വിജിലൻസ് ഡിവൈ.എസ്.പി സിബി തോമസ് കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം പ്രതി കെ.കെ. അബ്രഹാം അടക്കം പത്തു പ്രതികളാണ് വിജിലൻസ് പട്ടികയിലുള്ളത്. ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി. രമാദേവി, ഡയറക്ടര്‍മാരായിരുന്ന ടി.എസ്. കുര്യന്‍, ബിന്ദു തങ്കപ്പന്‍, സുജാത ദിലീപ്, വി.എം. പൗലോസ്, മണി പാമ്പനാല്‍, സി.വി. വേലായുധന്‍, ബാങ്ക് വായ്പ വിഭാഗം മേധാവിയായിരുന്ന പി.യു. തോമസ്, വായ്പ ഇടപാടുകളില്‍ ഇടനിലക്കാരനായിരുന്ന കൊല്ലപ്പള്ളി സജീവന്‍ എന്നിവരാണ് മറ്റു പ്രതികള്‍.

ബിനാമി ഇടപാടുകൾവഴി ധനാപഹരണവും വായ്പത്തട്ടിപ്പുമുൾപ്പെടെയുള്ള പരാതികളിൽ 2019ൽ വിജിലൻസ് അന്വേഷണം തുടങ്ങിയത്. ബാങ്കിന്റെ പരിധിവിട്ടും വായ്പ അനുവദിച്ചു. രജിസ്റ്റർ ചെയ്യാത്ത ഭൂമിക്ക് പവർ ഓഫ് അറ്റോണി പ്രകാരവും വായ്പ അനുവദിച്ചു. മൂല്യം കുറഞ്ഞ ഭൂമിക്ക് ഉയർന്ന മൂല്യം കാണിച്ച് രേഖകളുണ്ടാക്കി കൂടുതൽ തുക തട്ടിയെടുത്തു.

ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടന്നതായി കുറ്റപത്രത്തിലുണ്ട്. കെ.കെ. അബ്രഹാമിനെതിരായ തെളിവുകൾ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. മുമ്പ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ എട്ടര കോടിയോളം രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. നാലുവർഷം മുമ്പ് നടത്തിയ അന്വേഷണത്തിൽ കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികളെ സംരക്ഷിക്കാനെന്ന ആരോപണമുയർന്നിരുന്നു.

ബാങ്കിൽ വായ്പത്തുക തിരിമറി നടത്തിയെന്ന പരാതിയിൽ കെ.കെ. അബ്രഹാം, സെക്രട്ടറി കെ.ടി. രമാദേവി എന്നിവർ റിമാൻഡിലാണ്. രണ്ടുപേരും നൽകിയ ജ്യാമാപേക്ഷ ബത്തേരി കോടതി തള്ളിയിരുന്നു. കേളക്കവല സ്വദേശികളായ പറമ്പക്കാട്ട് ദാനിയേലും ഭാര്യ സാറയും മുമ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ നടപടി. ധനാപഹരണം, വഞ്ചന, ആത്മഹത്യപ്രേരണ തുടങ്ങിയ വകുപ്പുകളിലാണ് കേസ്. വായ്പത്തട്ടിപ്പിനിരയായ കർഷകൻ രാജേന്ദ്രൻ നായർ കഴിഞ്ഞ ദിവസം ആത്മഹത്യചെയ്തതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു.

കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

കൽപറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ റിമാൻഡിലായ കെ.കെ. അബ്രഹാം കെ.പി.സി.സി ജനറൽ സെക്രട്ടറിസ്ഥാനം രാജിവെച്ചു. അബ്രഹാമിനെതിരെ പാര്‍ട്ടിനേതൃത്വം നടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് രാജി. മാനന്തവാടി ജില്ല ജയിലില്‍നിന്നാണ് രാജിക്കത്ത് കെ.പി.സി.സി അധ്യക്ഷന് അയച്ചത്.

റിമാൻഡിന് പിന്നാലെ അബ്രഹാമിന്റെ രാഷ്ട്രീയ ഭാവി എന്താകുമെന്ന ചോദ്യം പാർട്ടിക്കകത്തും പുറത്തും ഉയര്‍ന്നതിന് പിന്നാലെയാണ് രാജി പ്രഖ്യാപനമുണ്ടായത്.

പുല്പള്ളി സര്‍വിസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന കമീഷന്‍ അന്വേഷിച്ചിരുന്നു.

വായ്പ വിതരണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ചു പരാതി ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തി കമീഷന്‍ പാര്‍ട്ടി നേതൃത്വത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവന്നിട്ടില്ല.

പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സഹകരണവകുപ്പ്

തിരുവനന്തപുരം: പുൽപ്പള്ളി സർവിസ് സഹകരണ ബാങ്ക് തട്ടിപ്പിൽ സഹകരണവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വായ്പ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും എടുക്കാത്ത വായ്പയിന്മേൽ നോട്ടീസ് ലഭിച്ചതിനെതുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തെയും തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്. യു.ഡി.എഫ് ഭരിക്കുന്ന ബാങ്കിന്‍റെ നടപടികൾ പലതും നിയമവിരുദ്ധമായിരുന്നെന്ന് ആദ്യം പരിശോധ നടത്തിയ സംഘം കണ്ടത്തിയിരുന്നു. 2015-16 വർഷത്തിൽ നടന്ന വായ്പാ ഇടപാടുകളിൽ ബിനാമി വായ്പകൾ ഉൾപ്പെടെ ക്രമക്കേടുകൾ നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ വ്യാപകമായി അനുവദിക്കുക, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ അനുവദിച്ച വായ്പകളിലെ ക്രമക്കേട്, വ്യവസ്ഥകൾക്ക് വിരുദ്ധമായി വായ്പ അനുവദിക്കൽ, നിയമവിരുദ്ധമായി പ്രോപർട്ടി ഇൻസ്പെക്ഷൻ ഫീസ് കൈപ്പറ്റൽ, ഈട് വസ്തുവിന്‍റെ അസ്സൽ പ്രമാണമില്ലാതെ വായ്പ അനുവദിക്കുക, ബാങ്കിന്‍റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള മൂല്യംകുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്പകൾ നൽകുക, പണയ സ്വത്തുക്കളുടെ അന്വേഷണ റിപ്പോർട്ടിൽ വ്യാജമായ വസ്തുതകൾ റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ക്രമക്കേടുകളാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതനുസരിച്ച് നടപടികൾ സ്വീകരിച്ച് വരികയായിരുന്നു. അതിനിടയിലാണ് കർഷകന്‍റെ ആത്മഹത്യ. അതിനുശേഷം തട്ടിപ്പ് കൂടുതൽ വ്യാപകമായി നടന്നു എന്ന സൂചനകൾ പുറത്തു വന്നതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി വാസവൻ അറിയിച്ചു.

സഹകരണസംഘം രജിസ്ട്രാർ ഓഫിസിലെ ഡെപ്യൂട്ടി രജിസ്ട്രാർ റ്റി. അയ്യപ്പൻ നായരാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അസി. രജിസ്ട്രാർ അരുൺ. വി.സജികുമാർ, രാജാറാം. ആർ, ജ്യോതിഷ് കുമാർ.പി, ബബീഷ്.എം എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Tags:    
News Summary - Pulpally bank fraud case: KPCC general secretary KK Abraham hospitalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.