തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾ ലാഭം ലക്ഷ്യമാക്കിത്തന്നെ പ്രവർത്തിക്കണമെന്ന് വ്യവസായമന്ത്രി പി. രാജീവ്. വ്യവസായ വകുപ്പിന് കീഴിൽ വരുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനം മികവുറ്റതാക്കുന്നതിനുവേണ്ടി രൂപവത്കരിച്ച ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ ഏർപ്പെടുത്തിയ ബിസിനസ് പ്ലാനും ധാരണപത്രവും ഒപ്പിടുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളുടെ പണമാണ് പൊതുമേഖല സ്ഥാപനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നും, അതിൽ നിന്നും ലാഭമുണ്ടാക്കി ജനങ്ങളോടുള്ള ഉത്തരവാദിത്തം പൂർണമായി പാലിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അടുത്ത വർഷം 6150 കോടി വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രവർത്തനം കാഴചവെച്ച പൊതുമേഖല സ്ഥാപനങ്ങൾക്കുള്ള അഭിനന്ദനപത്രങ്ങൾ മന്ത്രി സമ്മാനിച്ചു.
ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ ചെയർമാൻ കെ. അജിത്കുമാർ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷനായിരുന്നു. വ്യവസായ വാണിജ്യ വകുപ്പ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആനി ജൂല തോമസ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സെക്രട്ടറി ഹരികുമാർ, ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ മെംബർ സെക്രട്ടറി പി. സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.