'ശിവൻകുട്ടി നിയമസഭയിൽ ക‍യറിയത് പോലെ'; പഴഞ്ചൊല്ലുമായി പി.ടി. തോമസ്

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി വിധിയിലൂടെ കനത്ത പ്രഹരമേറ്റ ഇടത് സർക്കാറിനെയും മന്ത്രി ശിവൻകുട്ടിയെയും കടന്നാക്രമിച്ച് പ്രതിപക്ഷം. കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധി നിയമസഭ ചർച്ച ചെയ്യണമെന്ന ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി തേടിയാണ് പി.ടി. തോമസ് സർക്കാറിനെതിരെ ആഞ്ഞടിച്ചത്.

വി. ശിവൻകുട്ടിയുടെ നിയമസഭയിലെ പ്രകടനം വിക്ടേഴ്സ് ചാനലിൽ പ്രദർശിപ്പിച്ചാൽ വിദ്യാർഥികൾ കോരിത്തരിക്കുമെന്ന് പി.ടി. തോമസ് പരിഹസിച്ചു. ആന കരിമ്പിൽകാട്ടിൽ കയറിയതു പോലെ എന്ന ചൊല്ല് പിന്നീട് 'ശിവൻകുട്ടി നിയമസഭയിൽ ക‍യറിയത് പോലെ' എന്നായിരിക്കുന്നു. വിദ്യാർഥികൾക്ക് മാതൃകയാകാൻ വിദ്യാഭ്യാസ മന്ത്രിക്ക് സാധിക്കുമോ എന്നും പി.ടി. തോമസ് ചോദ്യം ഉന്നയിച്ചു.

കത്തോലിക്ക സഭയാണ് സാധാരണ വിശുദ്ധന്മാരെ പ്രഖ്യാപിക്കുന്നത്. ഇപ്പോൾ സി.പി.എമ്മിന് ആ അധികാരം നൽകിയാൽ മുൻ മന്ത്രി കെ.എം. മാണിയെ വിശുദ്ധനായി പ്രഖ്യാപിക്കും. മാണി ജീവിച്ചിരുന്നപ്പോൾ, 'കേരളം കണിക്കണ്ടുണരുന്ന കള്ളൻ' എന്നാണ് ആക്ഷേപിച്ചിരുന്നത്. എന്നാൽ, ജോസ് കെ. മാണി കണ്ണുരുട്ടിയപ്പോൾ സർക്കാർ ആ നിലപാടിൽ നിന്ന് പിന്നോട്ട് പോയെന്നും പി.ടി. തോമസ് പറഞ്ഞു.

കോടതി വിധിയിൽ സന്തോഷിക്കുന്നത് കെ.എം. മാണിയുടെ ആത്മാവായിരിക്കും. കയ്യാങ്കളിക്കേസ് നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. മന്ത്രി നാണംകെട്ടും മന്ത്രിസഭയിൽ തുടരുകയാണ്. മന്ത്രി വി. ശിവൻകുട്ടി‍യെ പുറത്താക്കാൻ മുഖ്യമന്ത്രി ആർജവം കാണിക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.

മന്ത്രി ശിവൻകുട്ടി രാജിവെക്കേണ്ട പ്രശ്നമായി കോടതി വിധിയെ കാണേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. കേസ് പിൻവലിക്കാനുള്ള നടപടി നിയമവിരുദ്ധമല്ല. സുപ്രീംകോടതി വിധി അംഗീകരിക്കാൻ ബാധ്യസ്ഥരാണ്. പൊതുതാൽപര്യം പരിഗണിച്ചാണ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - PT Thomas Mocked v sivan kutty Kerala Assembly ruckus case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.