സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്ന ഉദ്യോഗാർഥികൾക്ക് വിലക്കുമായി പി.എസ്.സി; വിവാദം

തിരുവനന്തപുരം: പി.എസ്.സി. നിയമനം, പരീക്ഷാ കേന്ദ്രം എന്നിവ സംബന്ധിച്ച് പരസ്യമായി പ്രതികരിച്ച വിദ്യാർഥികളെ വിലക്കാനുള്ള പി.എസ്.സി നീക്കം വിവാദത്തിൽ. സമൂഹമാധ്യമങ്ങളിൽ പി.എസ്.സിക്കെതിരെ പ്രചാരണം നടത്തിയെന്ന പേരിൽ കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളെ മൂന്ന് വർഷത്തേക്ക് പരീക്ഷയിൽ നിന്ന് വിലക്കിയിരുന്നു. നടപടിക്കെതിരെ യുവജന സംഘടനകള്‍ ഉൾപ്പടെ രംഗത്തെത്തിയിരിക്കുകയാണ്.

കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് നിയമനം ഇഴയുന്നത് സംബന്ധിച്ച പ്രതികരിച്ച ഉദ്യോഗാർഥികളെ നിയമനങ്ങളില്‍ നിന്ന് വിലക്കാനാണ് പി.എസ്.സിയുടെ തീരുമാനം. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 68 ഒഴിവുകളും പ്രമോഷന്‍, ലീവ് വേക്കന്‍സികള്‍ സംബന്ധിച്ച് വിവരാവകാശ പ്രകാരം ലഭിച്ച വിവരങ്ങളും ഇവര്‍ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.

ഫിസിയോ തെറാപിസ്റ്റ് പരീക്ഷ പ്രഖ്യാപിച്ചപ്പോള്‍ കോഴിക്കോട് ജില്ലയിലുള്ള നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം തിരുവനന്തപുരമായി. കോവിഡ് കാലം പരിഗണിച്ച് പരീക്ഷാ കേന്ദ്രം മാറ്റണമെന്ന ആവശ്യം മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലുടെയും ഉന്നയിച്ചതും പി.എസ്.സിയെ പ്രകോപിപ്പിച്ചു. തുടർന്ന് ഉദ്യോഗാർഥികൾക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ പി.എസ്.സി ഇന്‍റേറണല്‍ വിജിലന്‍സ് വിഭാഗത്തിന് ചുമതലയും നല്‍കി. നിയമനങ്ങള്‍ നടക്കാത്തതിനൊപ്പം ശിക്ഷാ നടപടികൂടിയായതോടെ ഉദ്യോഗാര്‍ഥികളും പ്രതിസന്ധിയിലാണ്.

നടപടിയിൽ വിശദീകരണവുമായി പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ രംഗത്തെത്തി. നടപടി പി.എസ്.സി ചട്ടപ്രകാരമാണെന്നാണ് ചെയർമാന്‍റെ വിശദീകരണം. പല ഉദ്യോഗാർഥികളും പി.എസ്.സിയെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.