തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേടിൽ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിലെ ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ളവ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും. സൈബർ ഫൊറൻസിക് തെളിവ് ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ റാങ്ക് തിരിമറിക്ക് ഇടയാക്കിയ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിലെ ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ളവ കസ്റ്റഡിയിലെടുക്കും. ഓൺസ്‌ക്രീൻ മാർക്കിങ് സോഫ്റ്റ്‌വെയറും പി.എസ്.സി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.
പി.എസ്.സി പരീക്ഷാനടപടികൾ പൂർണമായും ഓൺലൈനാണ്. സൈബർ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുന്നതിലൂടെ ക്രമക്കേട് നടന്നത് എവിടെ നിന്നാണെന്നും ആരാണ് മുൻകൈയെടുത്തതെന്നും കണ്ടെത്താൻ കഴിയും. സോഫ്റ്റ്‌വെയറിൽ ഓരോ ഉദ്യോഗസ്ഥരും പ്രവേശിക്കുന്നത് പ്രത്യേക ലോഗിനിലൂടെയാണ്. ഓരോരുത്തരും നൽകിയ നിർദേശങ്ങളും വരുത്തിയ മാറ്റങ്ങളും കണ്ടെത്താനാകും. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ പരീക്ഷാവിഭാഗം ചുമതലയുള്ള അഡീഷണൽ സെക്രട്ടറി ഹരികുമാർ, ഡെപ്യൂട്ടി സെക്രട്ടറി സനൽ എന്നിവരുടെ ഇടപെടലുകളാണ് അന്വേഷിക്കുന്നത്.
പി.എസ്.സി കമ്പ്യൂട്ടർ സംവിധാനത്തിന്റെയും ഫയൽ നീക്കത്തിന്റെയും വിശദാംശം അന്വേഷണസംഘം ശേഖരിച്ചു. ഫയലുകൾ, ഫയൽ നോട്ടുകൾ എന്നിവ പരിശോധിക്കും. ആസൂത്രണ ബോർഡിലേക്കുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം നടത്തിയത് പി.എസ്.സി ചെയർമാന്റെ നേതൃത്വത്തിലുള്ള ബോർഡാണ്. പല ഉന്നത തസ്തികളിലേക്കുള്ള നിയമനങ്ങളിലും അഭിമുഖത്തിന് ചിലർക്ക് ഉയർന്ന മാർക്ക് നൽകിയതും കണ്ടെത്തിയിട്ടുണ്ട്. അനധികൃത മാർക്ക് ദാനം ആരൊക്കെയാണ് നടത്തിയിട്ടുള്ളതെന്ന് സൈബർ പരിശോധനയിൽ വ്യക്തമാകും.
ചെയർമാൻ അടക്കം ബോർഡിലെ ഉന്നതരാണ് അന്വേഷണ പരിധിയിലുള്ളത്. അവരുടെ കമ്പ്യൂട്ടറുകളും സ്മാർട്ട്‌ഫോണുകളും പരിശോധനയ്ക്ക് വിധേയമാക്കിയേക്കും. ക്രൈംബ്രാഞ്ച് പ്രത്യേക സംഘം കൂടുതൽ പി.എസ്.സി പരീക്ഷകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. 2019 മുതൽ പി.എസ്.സിയുടെ പരീക്ഷാവിഭാഗം ചുമതല വഹിച്ച ഉദ്യോഗസ്ഥരുടെ വിവരം ആവശ്യപ്പെട്ട് കത്ത് നൽകി. അഡീഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി എന്നിവർക്കാണ് ചുമതല.
ആസൂത്രണ ബോർഡ് ചീഫിന്റെ കഴിഞ്ഞ രണ്ടുതവണത്തെ വിജ്ഞാപനങ്ങളിലും നിയമന നടപടികളിലും പരാതിയുണ്ട്. ആദ്യ ബാച്ച് കെ.എ.എസ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ, സർവകലാശാല പി.ആർ.ഒ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ, ഡി.വൈ.എസ്.പി സ്പെഷ്യൽ റിക്രൂട്ട്മെന്റ്, കയർഫെഡ് മാനേജർ, ഡയറ്റ് ലക്ചറർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ റിസർച്ച് ഓഫിസർ, ഖാദി ബോർഡ് വില്ലേജ് ഓയിൽ ഓഫിസർ തുടങ്ങിയവയെക്കുറിച്ചും പരാതികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.