തിരുത്ത് താഴേത്തട്ടിലേക്കും; ജില്ലകളിലും ഉടച്ചുവാർക്കൽ
തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിനെതിരായ നടപടിക്ക് പിന്നാലെ തെറ്റുതിരുത്തൽ താഴേത്തട്ടിലേക്കും വ്യാപിപ്പിക്കാൻ സി.പി.എം. വിശാല സംസ്ഥാന സമിതിയുടെ മാതൃകയിൽ നടക്കുന്ന വിശാല ജില്ല സമിതികൾ കേവലം റിപ്പോർട്ടിങ്ങിനപ്പുറം ആഴത്തിലുള്ള തിരുത്തൽ വേദികളാകുമെന്ന് ഉറപ്പായി. സംസ്ഥാന സെക്രട്ടറിയെ ശാസിക്കുകയും സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ചില ജില്ലകളിൽ സെക്രട്ടറിമാരുടെ സ്ഥാനചലനങ്ങളടക്കം സമഗ്ര ഉടച്ചുവാർക്കലുകൾക്ക് സാധ്യതയുണ്ട്.
എം.എൽ.എയായ ശേഷവും തിരുവനന്തപുരം ജില്ല സെക്രട്ടറിയായി വി. ജോയിക്ക് ചുമതല നൽകിയതിനെ വിശാല സമിതിയിൽ തൃശൂർ ജില്ല കമ്മിറ്റി വിമർശിച്ചിരുന്നു. ജി. സുധാകരൻ വിഷയം കൈകാര്യം ചെയ്തതിൽ ആലപ്പുഴ ജില്ല കമ്മിറ്റിക്ക് വീഴ്ചയുണ്ടായെന്ന വിമർശനവും പാർട്ടിയിലുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിലൊഴികെ മറ്റിടങ്ങളിലെല്ലാം സി.പി.എം ശക്തി കേന്ദ്രങ്ങളിൽ പോലും വലിയ തിരിച്ചടി നേരിട്ടതായി പാർട്ടി വിലയിരുത്തുന്നു. ഇതിന്റെ കാരണം ഓരോ ജില്ലയും പ്രത്യേകം പരിശോധിക്കും.
സംഘടനാ പ്രശ്നങ്ങളുള്ള ജില്ലകളിൽ അഴിച്ചുപണി അനിവാര്യമാണെന്ന് പാർട്ടി കാണുന്നു. സ്ഥാനാർഥി നിർണയത്തിലെ വീഴ്ചകൾ, വിഭാഗീയത, പ്രാദേശിക നേതാക്കളുടെ ജാഗ്രതക്കുറവ് തുടങ്ങിയവയും രണ്ടു ദിവസങ്ങളിലായി ചേരുന്ന യോഗങ്ങളിൽ തുറന്ന ചർച്ചക്ക് വിധേയമാകും. സംഘടനാരംഗത്ത് സംഭവിച്ച വീഴ്ചകൾ, ജനങ്ങളുമായുള്ള ബന്ധത്തിലെ വിടവ്, അധികാര കേന്ദ്രീകരണം എന്നിവ ഗൗരവമായി പരിശോധിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം.
സംസ്ഥാന നേതൃനിരയിൽ വരുത്തിയത് പോലെ യുവാക്കളെയും വർഗ-ബഹുജന സംഘടനകളെയും ഉൾപ്പെടുത്തി ജില്ല കമ്മിറ്റിയും സെക്രട്ടറിയേറ്റും പുനഃസംഘടിപ്പിക്കും. ഫലത്തിൽ 14 ജില്ലകളിലും നേതൃനിരയിൽ യുവാക്കളുടെ സാന്നിധ്യം ഉറപ്പാക്കും. പ്രാദേശിക പ്രശ്നങ്ങളിൽ ജില്ല നേതൃത്വത്തിന്റെ കൃത്യമായ ഇടപെടലുണ്ടാകാത്തത് വിഷയം വഷളാകാനും ജനം പാർട്ടിക്കെതിരാകാനും കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. പ്രാദേശിക തലങ്ങളിൽനിന്ന് ജില്ല കമ്മിറ്റികളിലേക്ക് പരാതി എത്തിയാലും പരിഹാര നീക്കങ്ങളുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ പ്രദേശിക പ്രശ്നങ്ങൾ ജില്ല നേതൃത്വങ്ങളെ ഏൽപ്പിക്കുന്ന രീതി അവസാനിപ്പിച്ച് ഇനിമുതൽ സംസ്ഥാന നേതൃത്വം നേരിട്ട് ഏറ്റെടുക്കാൻ വിശാല സമിതി തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.