പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വസതിയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേർന്ന് കേക്ക് മുറിക്കുന്നു
വെള്ളാപ്പള്ളി നവതിയുടെ നിറവിൽ; കേക്ക് മുറിച്ച് ആഘോഷം
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നവതിയുടെ നിറവിൽ. പിറന്നാൾ ആഘോഷം കുടുംബാംഗങ്ങൾക്കൊപ്പം കണിച്ചുകുളങ്ങരയിലെ വസതിയിൽ നടന്നു. എറണാകുളം സ്വദേശിയായ ആത്മസുഹൃത്ത് പി.ജെ. മാത്യു സമ്മാനിച്ച കേക്ക് ഭാര്യ പ്രീതി നടേശനൊപ്പമാണ് മുറിച്ചത്. ആദ്യ കഷ്ണം വെള്ളാപ്പള്ളി സമ്മാനിച്ചതും തൃശൂർ സി.എഫ്.ഐ കോളജ് ഓഫ് ലോ ഡയറക്ടർ കൂടിയായ പി.ജെ. മാത്യുവിനാണ്.
വീട്ടുമുറ്റത്തെ ഹോമകുണ്ഡത്തിലെ പൂജക്കുശേഷം ബുധനാഴ്ച രാവിലെ 10.30നാണ് വെള്ളാപ്പള്ളിയും ഭാര്യയും ചേർന്ന് കേക്ക് മുറിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എസ്.എൻ.ഡി.പി യൂനിയൻ പ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവരും ആശംസയുമായി എത്തി. ഗർജിക്കുന്ന സിംഹത്തിന്റെ വെങ്കല പ്രതിമയായിരുന്ന കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ പിറന്നാൾ സമ്മാനം.
കൊച്ചി യൂനിയന്റെ നേതൃത്തിൽ നിർധന യുവതിക്ക് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനവും പിറന്നാൾ വേദിയിൽ വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ പ്രസിദ്ധമായ ഉണ്ണിയപ്പം നൽകിയാണ് ആശംസകളുമായി എത്തിയവരെ സ്വീകരിച്ചത്. രണ്ടുതരം പായസമുൾപ്പെടെ വിഭവസമൃദ്ധമായ സദ്യയും ഒരുക്കി. മക്കളായ തുഷാർ വെള്ളാപ്പള്ളിയും വന്ദനയും ഉൾപ്പെടെ കുടുംബാംഗങ്ങളുമുണ്ടായിരുന്നു.
റിപ്പോർട്ടർ ടി.വിയിലെ പൊലീസ് പരിശോധനയിൽ തെറ്റില്ല -വെള്ളാപ്പള്ളി
ആലപ്പുഴ: റിപ്പോർട്ടർ ടി.വിയിലെ പൊലീസ് പരിശോധനയിൽ തെറ്റില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നവതി ആഘോഷങ്ങൾക്കിടെ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് പൊലീസ് നടപടിയെ അദ്ദേഹം ന്യായീകരിച്ചത്. ഒരു മാധ്യമം കൈയിലുണ്ടെന്നു കരുതി എന്തു കൊള്ളരുതായ്മയും ചെയ്യാമോ? വ്യവസായ താൽപര്യങ്ങൾക്ക് മാധ്യമങ്ങളെ ഉപയോഗിക്കുന്നത് ശരിയല്ല. നിങ്ങൾ നീതിയിൽ ഊന്നിവേണം മാധ്യമപ്രവർത്തനം ചെയ്യാൻ. അതു ചെയ്യാത്തപ്പോൾ ഇത്തരം പരിശോധനകൾ വരും.
സി.പി.എം വിശാല സംസ്ഥാനസമിതി യോഗത്തിലൂടെ ചർച്ച നടത്തി തെറ്റുതിരുത്തി, മാറ്റത്തിന് ശ്രമിക്കുന്നത് നല്ലതാണ്. ഇത്തരമൊരു രീതി കമ്യൂണിസ്റ്റ് പാർട്ടിക്കുമാത്രം അവകാശപ്പെട്ടതാണ്. സി.പി.എമ്മിനകത്ത് ചർച്ചചെയ്ത് തെറ്റു പറയാനും തിരുത്താനും ആളുണ്ട്. പിണറായി വിജയന് രണ്ടു ടേം ലഭിച്ചത് അവരുടെ ഭാഗ്യവും നന്മയും കൊണ്ടാകും. മൂന്നാം ഭരണം നഷ്ടപ്പെട്ടത് തിന്മ കൊണ്ടാകാം. ഓരോരുത്തരുടെ കാഴ്ചപ്പാടനുസരിച്ച് അതിനെ ചിത്രീകരിക്കാം. എത്ര കഴിഞ്ഞാലും ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കും. അതിനെ കുറ്റം പറയാനാകില്ല-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.