അനൂപ് ജേക്കബ്

റേഷൻ കടയിൽ ബാങ്കിങ് സേവനങ്ങൾ! പെൻഷൻ വിതരണം ഉൾപ്പെടെ പരിഗണനയിലെന്ന് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: റേഷൻ കടകളുടെ പ്രവർത്തനം കൂടുതൽ സേവനകേന്ദ്രമാക്കാൻ നീക്കം. ഗ്രാമീണ ബാങ്കിങ് സേവനങ്ങള്‍ കൂടി റേഷന്‍ കടകളില്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ സാധ്യത സർക്കാറിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇതുവഴി സാമൂഹിക സുരക്ഷ പെന്‍ഷന്‍, മറ്റു സര്‍ക്കാര്‍ പെന്‍ഷനുകള്‍ എന്നിവ അക്കൗണ്ടിലൂടെ കൈപ്പറ്റുന്നവര്‍ക്ക് റേഷന്‍ കടയില്‍ വന്ന് സ്വന്തം അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കാന്‍ സാധിക്കും. നിലവിലുള്ള സി.എസ്​.സി സേവനങ്ങള്‍, എല്‍.പി.ജി വിതരണം എന്നിവയും കൂടുതല്‍ വ്യാപിപ്പിക്കാന്‍ കഴിയുമെന്ന അഭിപ്രായം പരിശോധിക്കാനും മന്ത്രി നിർദേശം നല്‍കി.

റേഷന്‍ വ്യാപാരി സംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. വെള്ള, നീല റേഷൻ കാര്‍ഡുകള്‍ക്കുള്ള അരി വിഹിതം അഞ്ചുകിലോവരെ വര്‍ധിപ്പിക്കുന്നതും സർക്കാറിന്റെ പരിഗണനയിലാണ്. നിലവിലെ കുറഞ്ഞ വിഹിതം കാരണം ഈ വിഭാഗത്തിലെ പലരും റേഷന്‍ വാങ്ങുന്നില്ല. കൂടുതല്‍ അരി ലഭിച്ചാല്‍ ഇവരും റേഷന്‍ കടകളിൽ എത്തുമെന്നും അരിവില നിയന്ത്രിക്കാന്‍ ഇത് സഹായിക്കുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ചില്ലറ റേഷൻ കടകളുടെ മിനിമം പ്രതിമാസ വിൽപന 45 ക്വിന്‍റലില്‍ നിന്ന് 35 ആക്കാൻ റേഷൻ വ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ട്. മുന്‍ഗണനേതര കാര്‍ഡിനുള്ള വിഹിതം വര്‍ധിപ്പിക്കുന്നതോടെ കമീഷന്‍ കുറയുന്ന പ്രശ്നം പരിഹരിക്കാനാവും.

ചില്ലറ റേഷൻ വ്യാപാരികളുടെ വേതന വര്‍ധന പാക്കേജ് സംബന്ധിച്ച ഫയല്‍ ഉടൻ സര്‍ക്കാറിന്റെ പരിഗണനക്ക് വിടാന്‍ മന്ത്രി നിർദേശം നല്‍കി. സ്മാര്‍ട്ട് പി.ഡി.എസ് പൂര്‍ണമായി നടപ്പില്‍വരുമ്പോള്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വിതരണം നടത്തുന്ന സമയത്തു തന്നെ വേതനം വ്യാപാരിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ ഉറപ്പുണ്ട്. കെ സ്​റ്റോർ പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള പദ്ധതികള്‍ പരിഗണിക്കും. ഗ്രാമീണ ബാങ്ക് സേവനങ്ങള്‍ കൂടി റേഷന്‍കടകളില്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ സാധ്യത പരിഗണനയിലു​ണ്ടെന്നും മന്ത്രി വ്യക്തമാക്കി.

റേഷന്‍ വ്യാപാരി ക്ഷേമനിധി കാലോചിതമായി പരിഷ്‌കരിക്കല്‍ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിലുള്ള ക്ഷേമനിധി കുടിശിക വിതരണം ചെയ്യാനുള്ള 1.70 കോടി രൂപ നല്‍കാനുള്ള തീരുമാനം നിലവിലുണ്ട്. കൊല്ലം ജില്ലയിലെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിശോധിക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.