മെസ്സിയുടെ പേരിലെ ‘കള്ളക്കളി’ കേന്ദ്ര ഏജൻസികൾ കളത്തിലിറങ്ങിയേക്കും

തിരുവനന്തപുരം: ലയണൽ മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം കൊണ്ടുവരാൻ എസ്.ഐ.ടി നീക്കം. അന്താരാഷ്ട്രതലത്തിൽ നടന്ന സാമ്പത്തിക ഇടപാടുകളായതിനാൽ കേന്ദ്ര ഏജൻസികൾക്ക് കൂടുതൽ അന്വേഷണം നടത്താനാകുമെന്ന നിലപാടിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയന്‍റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി. പ്രതിസ്ഥാനത്തുള്ള റിപ്പോർട്ടർ ചാനൽ ഉടമ ആന്‍റോ അഗസ്റ്റിന്‍റെ സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ റെയ്ഡിന്‍റെ ഭാഗമായി പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി), കസ്റ്റംസ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഏജൻസികൾക്ക് ഉടൻ റിപ്പോര്‍ട്ട് നല്‍കും. ഓരോ ഏജന്‍സികളുടെയും അധികാര പരിധിയിലുള്ള വിഷയത്തിലാകും അന്വേഷണം ആവശ്യപ്പെടുക. ഫെമ ചട്ട ലംഘനം, ഹവാല ഇടപാട്, വിദേശത്തെ പണം കൈമാറ്റം, ബിനാമി ഇടപാട് ഉള്‍പ്പെടെ ഡോളറടക്കം വിദേശകറൻസികള്‍ റെയ്ഡിൽ കണ്ടെടുത്തിരുന്നു. എല്ലാ രേഖകളും പരിശോധിച്ചെന്നും ഇലക്ട്രോണിക്, ഡിജിറ്റൽ തെളിവുകൾ കോടതിയുടെ അനുമതിയോടെ ശാസ്ത്രീയമായി പരിശോധിക്കുമെന്നും എസ്.ഐ.ടി വ്യക്തമാക്കി. സംസ്ഥാന സർക്കാറിനെ ഉപയോഗിച്ചാണ് പണം കൈമാറ്റത്തിനായി ആർ.ബി.ഐയിൽ നിന്നും കേന്ദ്രസർക്കാറിൽ നിന്നും അനുകൂല ഉത്തരവ് വാങ്ങിയതെന്ന് നേരത്തെ കായിക വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. സമാനമായ കണ്ടെത്തലാണ് എസ്.ഐ.ടിയുടേതും.

റിപ്പോർട്ടർ ചാനൽ ഓഫിസിൽ നടത്തിയ റെയ്ഡിൽ കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിച്ചെന്ന നിലപാടിലാണ് എസ്.ഐ.ടി. ഇതുവരെയുള്ള അന്വേഷണ പുരോഗതി മുഖ്യമന്ത്രിയേയും ആഭ്യന്തരവകുപ്പിനേയും അറിയിച്ചിട്ടുണ്ട്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റത്തിൽ ക്രമക്കേടുണ്ടെന്നും വിജിലൻസ് അന്വേഷണം നടത്തേണ്ടിവരുമെന്ന നിലപാടാണ് എസ്.ഐ.ടിക്കുള്ളതെന്നാണ് വിവരം. മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ നടന്ന ക്രമക്കേടിൽ നിലവിൽ ഒരു കേസാണ് എസ്.ഐ.ടി രജിസ്റ്റർ ചെയ്തത്.

റിപ്പോർട്ടർ ടി.വി. എം.ഡി. ആന്‍റോ അഗസ്റ്റിനെ ഒന്നാംപ്രതിയാക്കിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ (ആർ.ബി.സി) രണ്ടാംപ്രതിയാക്കിയുമാണ് കേസ്. മുൻ സർക്കാറിലെ ഉന്നതർ ഉൾപ്പെടെ കേസിൽ പ്രതിസ്ഥാനത്ത് വരുമെന്ന സൂചനയാണ് എസ്.ഐ.ടി വൃത്തങ്ങൾ നൽകുന്നത്. മുൻമന്ത്രി വി. അബ്ദുറഹിമാൻ, ജി.സി.ഡി.എ ഭാരവാഹികൾ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്‍റ് യു. ഷറഫലി, ജി.എസ്.ടി വകുപ്പിലെ ചില ഉന്നതർ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ രേഖപ്പെടുത്താനാണ് എസ്.ഐ.ടി നീക്കം.

Tags:    
News Summary - Messi Name Fraud: Central Agencies May Launch Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.