വീണ്ടും ചർച്ചയായി സ്വർണക്കടത്ത് പിണറായിക്കെതിരെ ആരോപണം ആവർത്തിച്ച് സ്വപ്ന സുരേഷ്

തിരുവനന്തപുരം: മാസപ്പടി കേസിലെ ഇ.ഡി കത്തിന് പിന്നാലെ, യു.എ.ഇ കോൺസുലേറ്റ് നയതന്ത്ര ബാഗേജിലൂടെ നടന്ന സ്വർണക്കടത്തും ലൈഫ് മിഷൻ അഴിമതിയും വീണ്ടും ചർച്ചയാകുന്നു. കസ്റ്റംസും ഇ.ഡിയും എൻ.ഐ.എയും സംസ്ഥാന വിജിലൻസും സി.ബി.ഐയുമെല്ലാം അന്വേഷിച്ച ഈ കേസുകൾ കുറച്ചുകാലമായി തുടർനടപടിയില്ലാതെ സ്തംഭിച്ച അവസ്ഥയിലാണ്. എന്നാൽ, സി.എം.ആർ.എൽ മാസപ്പടി പണം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾക്ക് വിദേശത്ത് ബിസിനസ് ആരംഭിക്കാൻ ഹവാലയായി കടത്തിയെന്ന ഇ.ഡിയുടെ കത്തിലെ പരാമർശമാണ് ഇപ്പോൾ ഈ കേസുകളെയും ചർച്ചയാക്കുന്നത്.

പിണറായി വിജയനും കുടുംബത്തിനുമെതിരെ തെളിവുകൾ ഹാജരാക്കുമെന്ന് പറഞ്ഞ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയും യു.എ.ഇ കോൺസുലേറ്റ് മുൻ സെക്രട്ടറിയുമായ സ്വപ്ന സുരേഷ് വീണ്ടും രംഗത്തെത്തിയിട്ടുമുണ്ട്. രഹസ്യമൊഴി നൽകിയതിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കാണാനുള്ള നീക്കത്തിലാണ് സ്വപ്ന സുരേഷ്. മുൻ മുഖ്യമന്ത്രിയുടെ മകൾ വിദേശത്ത് ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായിരുന്നെന്ന് മുമ്പുതന്നെ സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

നയതന്ത്ര ബാഗേജ് വഴി സ്വർണവും ഡോളറുകളും കടത്തിയ തെളിവുകളും ചാറ്റുകളും സഹിതം രഹസ്യമൊഴിയുൾപ്പെടെ കസ്റ്റംസിന് നൽകിയതായി സ്വപ്ന പറഞ്ഞിരുന്നു. എന്നാൽ, ആ മൊഴിയുടെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണങ്ങളൊന്നുമുണ്ടായില്ല. സ്വപ്നക്കും കോൺസുലേറ്റ് പി.ആർ.ഒയായിരുന്ന സരിത്തിനുമെതിരെ മറ്റു പല കേസുകളും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരുന്നു. തീവ്രവാദ ബന്ധമാരോപിച്ച് എൻ.ഐ.എയും ഇവർക്കെതിരെ കേസെടുത്തു. 2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യു.എ.ഇ കോൺസുലേറ്റിലെ ഉന്നതന്‍റെ വിലാസത്തിൽ വന്ന നയതന്ത്ര ബാഗേജിൽനിന്ന് കസ്റ്റംസ് 30 കിലോഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. ഇതിന് വിപണിയിൽ ഏകദേശം 14.82 കോടി രൂപ വിലയുണ്ടെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തൽ.

നയതന്ത്ര ബാഗേജുകൾക്ക് കസ്റ്റംസ് പരിശോധനയിലുള്ള ഇളവിന്റെ പരിരക്ഷ ഉപയോഗിച്ചാണ് ബാത്ത്റൂം ഫിറ്റിങ്സ്, ബിസ്ക്കറ്റ് തുടങ്ങിയവയുടെ രൂപത്തിൽ സ്വർണം കടത്താൻ ശ്രമിച്ചത്. ഇതിനുപുറമെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരനും സ്വപ്നയുമായുള്ള ബന്ധവുമൊക്കെ ഏറെ വിവാദമായി. 2025 ആഗസ്റ്റിൽ കസ്റ്റംസ് ഈ കേസിൽ മുൻ യു.എ.ഇ കോൺസൽ ജനറലിന് ആറുകോടിയും അറ്റാഷെക്ക് ആറുകോടിയും പിഴ ചുമത്തി അന്തിമ ഉത്തരവിറക്കി. എന്നാൽ, അവർ പണം അടച്ചോയെന്നതിൽ വ്യക്തതയില്ല. നയതന്ത്ര ചാനൽ ദുരുപയോഗം ചെയ്ത് ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ സ്വർണക്കടത്താണിത്.

Tags:    
News Summary - Swapna Suresh Repeats Gold Smuggling Allegations; Debate Resumes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.