ബോർഡ്, കോർപറേഷൻ പദവികളുടെ വീതംവെപ്പിൽ പിടിമുറുക്കി കോൺഗ്രസ്, ലീഗിന് ന്യൂനപക്ഷ കമീഷൻ അധ്യക്ഷസ്ഥാനമില്ല
മലപ്പുറം: ബോർഡ്, കോർപറേഷൻ അധ്യക്ഷപദവികളിലേക്കുള്ള യു.ഡി.എഫിലെ വീതംവെപ്പിൽ കോൺഗ്രസ് പിടിമുറുക്കി. മുസ്‍ലിം ലീഗിന് വേണ്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളടക്കം ഇടപെട്ടിട്ടും കോൺഗ്രസ് വഴങ്ങുന്നില്ലെന്നാണ് സൂചന. എം.കെ. മുനീറിന് വേണ്ടി ഭരണപരിഷ്കാര കമീഷൻ ചെയർമാൻ സ്ഥാനം വിട്ടുനൽകാൻ കോൺഗ്രസ് തയാറായിട്ടുണ്ടെങ്കിലും ന്യൂനപക്ഷ കമീഷൻ അധ്യക്ഷ പദവി നൽകാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉഭയകക്ഷി ചർച്ചകളിൽ കെ.സി. വേണുഗോപാൽ പക്ഷം കർക്കശ സമീപനമാണ് സ്വീകരിക്കുന്നത്.
നിയമസഭയിൽ 63 എം.എൽ.എമാരുള്ള കോൺഗ്രസിന് മുൻകാലങ്ങളിൽ ലഭിച്ചതിനേക്കാൾ കൂടുതൽ സ്ഥാനങ്ങൾക്ക് അർഹതയുണ്ടെന്നാണ് പാർട്ടിയുടെ വാദം. കോൺഗ്രസ് കുടുതൽ പദവികളിൽ അവകാശവാദം ഉന്നയിക്കുന്നതിനാൽ, കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ലീഗിന് ലഭിച്ച 30 അധ്യക്ഷസ്ഥാനങ്ങൾ നിലനിർത്താനാണ് പാർട്ടി ശ്രമം. ലീഗ് കൈകാര്യം ചെയ്യുന്ന വ്യവസായ വകുപ്പിന് കീഴിൽ മാത്രം 44 പൊതുമേഖല സ്ഥാപനങ്ങൾ ഉണ്ടെങ്കിലും പകുതിയിൽ താഴെ സ്ഥാപനങ്ങളുടെ ചെയർമാൻ പദവി മാത്രമേ ലീഗിന് ലഭിക്കുകയുള്ളു.
ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തേതുപോലെ ന്യൂനപക്ഷ കമീഷൻ അധ്യക്ഷ സ്ഥാനം കോൺഗ്രസിന് കീഴിൽ നിലനിർത്തുമെങ്കിലും ന്യൂനപക്ഷ കമീഷൻ അംഗമായി ലീഗ് നോമിനി ഉണ്ടാവും. മദ്റസ ക്ഷേമനിധി ബോർഡ് അധ്യക്ഷ സ്ഥാനം ലീഗിന് ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സാക്ഷരത മിഷൻ അതോറിറ്റിയിലും ലീഗിന് കാര്യമായ പ്രാതിനിധ്യമുണ്ടാവും. പി.എസ്.സി അംഗങ്ങളുടെ ആറ് ഒഴിവുകളിൽ രണ്ടെണ്ണം ലീഗിന് ലഭിച്ചേക്കും.
ഭരണപരിഷ്കാര കമീഷൻ അധ്യക്ഷസ്ഥാനം ലീഗിന് വിട്ടുനൽകുമ്പോഴും ഈ കമീഷനിലെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം വെട്ടിച്ചുരുക്കുമെന്ന് സൂചനയുണ്ട്. പദവി സംബന്ധിച്ച് ലീഗും കോൺഗ്രസും ഏകദേശ ധാരണയായി. ബോർഡ്, കോർപറേഷൻ അധ്യക്ഷ പദവികൾക്ക് പുറമേ, വൈസ് ചെയർപേഴ്സൻ, സെക്രട്ടറി, അംഗങ്ങൾ തുടങ്ങി നൂറോളം സ്ഥാനങ്ങൾ പാർട്ടിക്ക് ലഭിക്കുമെന്നാണ് ലീഗ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.