കലാലയ രാഷ്ട്രീയത്തിന് കടിഞ്ഞാൺ; പിഴയും നിയന്ത്രണങ്ങളുമായി കേരള സർവകലാശാല

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും വിദ്യാർഥി രാഷ്ട്രീയത്തിന് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേരള സർവകലാശാലയുടെ നീക്കം. കാമ്പസുകളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിൻഡിക്കേറ്റ് തയ്യാറാക്കിയ കരട് മാർഗരേഖയിലാണ് ഈ നിർദേശങ്ങളുള്ളത്. ഹൈക്കോടതിയുടെ നിർദേശവും ചാൻസലറായ ഗവർണറുടെ കത്തുമാണ് ഇതിന്റെ അടിസ്ഥാനം.

കരട് നിർദേശമനുസരിച്ച് കോളജുകൾക്കുള്ളിൽ വിദ്യാർഥികൾ ഒരുതരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പാടില്ല. ചട്ടങ്ങൾ ലംഘിക്കുന്ന വിദ്യാർഥികൾക്ക് പുറമെ രാഷ്ട്രീയ പാർട്ടികളും പിഴയൊടുക്കേണ്ടി വരും. കോളജുകളിൽ പ്രിൻസിപ്പലിനും കാമ്പസിൽ വൈസ് ചാൻസലർക്കുമാണ് ഇതിനുള്ള അധികാരം നൽകിയിരിക്കുന്നത്.

രാഷ്ട്രീയ പാർട്ടികളുടെ നിർദേശപ്രകാരമോ അല്ലാതെയോ ഉള്ള സമരങ്ങൾ, ധർണകൾ, ഉപരോധങ്ങൾ എന്നിവ കാമ്പസിൽ പാടില്ല. ക്ലാസ് മുറികളിലോ ഓഫീസുകളിലോ കാമ്പസിനുള്ളിലോ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുഴക്കാൻ പാടില്ല. ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള രാഷ്ട്രീയ പ്രചാരണങ്ങളും സംഘാടനവും നിരോധിച്ചിരിക്കുന്നു.

ചട്ടം ലംഘിക്കുന്ന വിദ്യാർഥികൾക്ക് താക്കീത് നൽകുക, ടി.സി. നൽകി ഒഴിവാക്കുക, സസ്പെൻഷൻ, പുറത്താക്കൽ തുടങ്ങിയ അച്ചടക്ക നടപടികൾ സ്വീകരിക്കാം. ഇതോടൊപ്പം പിഴയും ഈടാക്കും. വിദ്യാർഥി കുറഞ്ഞത് 5,000 രൂപയും, വിദ്യാർഥിക്ക് ബന്ധമുള്ള രാഷ്ട്രീയ പാർട്ടി 10,000 രൂപയും പിഴയായി നൽകേണ്ടി വരും. തുക അടയ്ക്കാത്തപക്ഷം റവന്യൂ റിക്കവറി നടപടി നേരിടേണ്ടി വരും.

അതേസമയം, ഇത് ഔദ്യോഗിക രേഖയല്ലെന്നും കാമ്പസുകളിൽ സമാധാനം നിലനിർത്താനുള്ള പ്രാരംഭ ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്നും വി.സി. ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. വിദ്യാർഥി രാഷ്ട്രീയത്തെ പൂർണ്ണമായി നിരോധിക്കുകയല്ല, സമാധാനം ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രതികരിച്ചു.

Tags:    
News Summary - Kerala University Campus Politics Ban: New Code of Conduct, Fines & Strict Rules Explained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.