തിരുവനന്തപുരം: പി.എസ്.സി കഴിഞ്ഞ മൂന്നുവർഷം നടത്തിയ പരീക്ഷകളുടെ മുഴുവൻ റാങ്ക് ലിസ്റ്റുകളും നിയമനങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. ഇവയുടെ പൂർണ വിവരങ്ങൾ വേണമെന്ന് ക്രൈംബ്രാഞ്ച് പി.എസ്.സിയോട് ആവശ്യപ്പെട്ടു. കോൺസ്റ്റബിൾ പരീക്ഷയിലേതുപോലെ മറ്റ് പരീക്ഷകളിലും തട്ടിപ്പ് നടന്നോയെന്ന കാര്യം പരിശോധിക്കുന്നതിനാണ് വിശദാംശങ്ങൾ തേടിയത്. അതിന് പുറമെ കോൺസ്റ്റബിൾ പരീക്ഷ റാങ്ക് ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ ഉൾപ്പെട്ടവരുടെ ഫോൺ വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയും ചെയ്യും. പരീക്ഷകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പി.എസ്.സി പരീക്ഷാക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പി.എസ്.സി സെക്രട്ടറിക്ക് കത്തയച്ചിട്ടുമുണ്ട്.
അടുത്തിടെ കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പ് കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ പി.എസ്.സി പുറത്തുവിട്ട റാങ്ക്ലിസ്റ്റുകളുടെ വിശ്വാസ്യതയും പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ആവശ്യമെങ്കിൽ സ്വതന്ത്ര ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സമഗ്രാന്വേഷണം വേണമെന്ന ഹൈകോടതി നിർദേശത്തിെൻറ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് തീരുമാനം. മറ്റൊരു ഏജൻസിയിലേക്ക് അന്വേഷണം പോകുന്നത് തടയിടുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. പരിശോധന നടപടികൾ പൂർത്തിയാക്കി നടപടി വിവരങ്ങൾ പ്രോസിക്യൂഷൻ ഹൈകോടതിയെയും അറിയിക്കും.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടത്തിയ പരീക്ഷകളുടെ റാങ്ക് ലിസ്റ്റുകളിലും സംശയാസ്പദമായ രീതിയിലുള്ള ആരെങ്കിലും കടന്നുകൂടിയിട്ടുണ്ടോ, പ്രതികളുമായി ബന്ധമുള്ള മറ്റാരെങ്കിലും റാങ്ക് പട്ടികയിൽ കയറിയിട്ടുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കും. കഴിഞ്ഞദിവസം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ നാലാംപ്രതി ഫയർമാൻ തസ്തികയിലെ റാങ്ക് പട്ടികയിൽ വന്നിരുന്നെന്നും മറ്റൊരു പ്രതി മൂന്ന് വർഷം മുമ്പ് ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അതിെൻറകൂടി അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിെൻറ ഇൗ നീക്കം. സ്മാർട്ട്വാച്ചുകളും മൊബൈൽ ഫോണും ഉപയോഗിച്ചാണ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായെങ്കിലും തെളിവായ സ്മാർട്ട് വാച്ചുകൾ കണ്ടെത്താനായിട്ടില്ല.
ഫോൺ ഉപയോഗിച്ചുള്ള തട്ടിപ്പ് ഇതാദ്യമായിരിക്കില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. മുമ്പും പല പരീക്ഷകളിലും ഇത്തരത്തിൽ ഫോൺ വഴി ഉത്തരങ്ങൾ ലഭിച്ചിട്ടുണ്ടാകാമെന്നാണ് അനുമാനം. അതിെൻറ അടിസ്ഥാനത്തിലുള്ള അന്വേഷണമാകും നടത്തുക. കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യക്കടലാസ് നേരത്തേതന്നെ ചോർന്നിരുന്നോ, അതിൽ പി.എസ്.സി ജീവനക്കാർക്ക് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. കേസിൽ ഇപ്പോൾ കീഴടങ്ങിയ പ്രതി ഗോകുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ ചോദ്യങ്ങൾ എങ്ങനെ ലഭിച്ചെന്ന കാര്യത്തിൽ വ്യക്തതവരുമെന്നാണ് അന്വേഷണസംഘത്തിെൻറ പ്രതീക്ഷ.
പി.എസ്.സി പരീക്ഷക്രമക്കേട്: പൊലീസുകാരൻ കീഴടങ്ങി
തിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷക്രമക്കേട് കേസിലെ അഞ്ചാംപ്രതിയും മുഖ്യ ആസൂത്രകനുമായ പൊലീസുകാരൻ ഗോകുൽ കോടതിയിൽ കീഴടങ്ങി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച ഉച്ചക്ക് 12.30 ഒാടെയാണ് ബന്ധുവായ രാഷ്ട്രീയപ്രവർത്തകനൊപ്പം ഗോകുൽ എത്തിയത്. ഈ മാസം 16 വരെ റിമാൻഡ് ചെയ്‌തു. ഗോകുലിനെ കസ്റ്റഡിയിൽ ലഭിക്കാൻ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. നിലവിൽ സസ്പെൻഷനിലാണ് ഇയാൾ.
യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെ അറസ്റ്റ് ചെയ്തതോടെയാണ് പി.എസ്.സി പരീക്ഷയും വിവാദത്തിലായത്. പരീക്ഷയിൽ ശിവരഞ്ജിത്തിന് ഒന്നും നസീമിന് 28 ഉം 17ാംപ്രതി പ്രണവിന് രണ്ടാം റാങ്കുമായിരുന്നു. ക്രമക്കേട് വ്യക്തമായതോടെ ശിവരഞ്ജിത്ത്, നസീം, പ്രണവ്, ഇവർക്ക് ഉത്തരങ്ങൾ ലഭ്യമാക്കിയ പൊലീസുകാരൻ ഗോകുൽ, പ്രണവിെൻറ അയൽവാസി സഫീർ എന്നിവരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേെസടുത്തു.
കുത്തുകേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ശിവരഞ്ജിത്ത്, നസീം എന്നിവരുടെ അറസ്റ്റ് ജയിലിലെത്തി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നെങ്കിലും ബാക്കി മൂന്ന് പ്രതികളെ പിടികൂടാൻ സാധിച്ചിരുന്നില്ല. 10 ദിവസത്തിനകം ഇവർ കീഴടങ്ങണമെന്ന് സഫീറിെൻറ ജാമ്യാേപക്ഷ തള്ളി ഹൈകോടതി വ്യക്തമാക്കിയിരുന്നു. അതിനെതുടർന്നാണ് ഗോകുൽ കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.