തിരൂർ: ബന്ധുനിയമന വിവാദത്തിൽപെട്ട മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കി മുസ്ലിം യൂത്ത് ലീഗ്. തിരൂരിൽ രണ്ടിടത്ത് മന്ത്രിയെ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്തു. രാവിലെ പേത്താടെയാണ് പ്രതിഷേധം തുടങ്ങിയത്. സിറ്റി ജങ്ഷനിൽ സ്വകാര്യ സ്ഥാപനത്തിെൻറ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്ക് നേരെ പ്രവർത്തകർ ആദ്യം കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
തുടർന്ന് മലയാള സർവകലാശാല ചരിത്ര കോൺഫറൻസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്ക് അവിടെയും യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവർത്തകരുടെ പ്രതിഷേധം നേരിടേണ്ടി വന്നു. മലയാള സർവകലാശാലക്ക് പുറത്ത് മന്ത്രി എത്തിയതോടെ അവിടെ തമ്പടിച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രതിഷേധങ്ങൾക്കിടയിലൂടെയാണ് മന്ത്രി അകത്തേക്ക് പോയത്. സർവകലാശാല കോൺഫറൻസ് ഹാളിൽ ചരിത്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന എം.എസ്.എഫ് പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി എറിഞ്ഞു.
പ്രതിഷേധക്കാരെ നിയന്ത്രിച്ച പൊലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയും പ്രതിഷേധം തുടർന്നു. വാഹനത്തിനുനേരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കൂട്ടത്തിൽനിന്ന് ചിലർ കല്ലെറിയുകയും മുട്ടയെറിയുകയും ചെരിപ്പെറിയുകയും ചെയ്തു. കല്ലേറിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. സുഹൈൽ, ശരത്, നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.