നെയ്യാറ്റിൻകര: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മക്ക് ചെകുത്താന്റെ സ്വഭാവമെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വാദം. സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഗ്രീഷ്മയെ ബ്ലാക്ക് മെയിൽ ചെയ്തെന്ന് പ്രതിഭാഗവും ചൂണ്ടിക്കാട്ടി. നെയ്യാറ്റിൻകര അഡീഷനൽ സെഷൻ കോടതിയിൽ നടത്തിയ അന്തിമവാദത്തിലാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെ കൊന്നു. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമേ ഇത്തരത്തിൽ ഒരു കൃത്യം ചെയ്യാൻ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി ഇന്‍റർനെറ്റിൽ സെർച്ചിങ് നടത്തി. 11 ദിവസം ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിൽ തന്നെയുണ്ട്.
മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണിത്, അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങൾ ദുരുപയോഗം ചെയ്തു. ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. പ്രതി ദയ അർഹിക്കുന്നില്ല. മാപ്പ് അർഹിക്കുന്ന കുറ്റമല്ല ചെയ്തിരിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസാണ്. ഗ്രീഷ്മക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
ആത്മാർഥമായാണ് ഷാരോണിനെ ഗ്രീഷ്മ പ്രണയിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ട്. നല്ല ബന്ധമുള്ളപ്പോൾ കൈവശപ്പെടുത്തിയ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് പിന്നീട് ബ്ലാക്ക് മെയിൽ ചെയ്തു. ബന്ധം മോശമായപ്പോൾ പിന്മാറാൻ ശ്രമിച്ചു. എന്നാൽ, ബ്ലാക്ക് മെയിൽ ചെയ്ത് ഷാരോൺ പിന്നാലെ വന്നു. ഗ്രീഷ്മക്ക് തുടർന്ന് പഠിക്കണമെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും അഭിഭാഷൻ വ്യക്തമാക്കി.
പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ കത്ത് കൈമാറി. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് ഗ്രീഷ്മയുടെ കത്തിലുള്ളത്. തനിക്ക് 24 വയസ് മാത്രമാണ് പ്രായം. എം.എ ലിറ്ററേച്ചർ ഡിസ്റ്റിങ്ഷനോടെയാണ് പാസായത്. രക്ഷിതാക്കൾക്ക് ഏക മകളാണ്. അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി. കേസിൽ ഗ്രീഷ്മക്കും അമ്മാവനുമുള്ള ശിക്ഷ തിങ്കളാഴ്ച കോടതി വിധിക്കും.
വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകൻ ഷാരോൺ രാജിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കാമുകി ഗ്രീഷ്മയും അമ്മാവൻ നിർമല കുമാരൻ നായരും കുറ്റക്കാരാണെന്ന് നെയ്യാറ്റിൻകര അഡീഷനൽ സെഷൻ കോടതി കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഒന്നാം പ്രതി പാറശ്ശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു.
എന്നാൽ, ഗ്രീഷ്മയുടെ അമ്മയും കേസിലെ രണ്ടാം പ്രതിയുമായ സിന്ധുവിനെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ടു. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന കുറ്റത്തിനുമാണ് ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിർമലകുമാരൻ നായർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.