കൽപ്പറ്റ: ഒറ്റരാത്രികൊണ്ട് ഒരു നാടിനെയൊന്നാകെ, കുത്തിയൊലിച്ചെത്തിയ ഉരുൾ ഭൂപടത്തിൽനിന്ന് മായ്ച്ചു കളഞ്ഞ ചൂരൽമല-മുണ്ടക്കൈ ദുരന്തം. ഒരു നാടൊന്നാകെ മണ്ണിനടിയിലായപ്പോൾ, നിരവധി ജീവനുകൾ മണ്ണിനടിയിൽ അമർന്നപ്പോൾ ലോകം മുഴുവൻ അവിടെ ആശ്വാസത്തിന്റെ പുതപ്പുമായെത്തി. അവർക്കായി ഒന്നടങ്കം കൈകോർത്തു. പിന്നെ അതിജീവനത്തിന്റെ പാതയിൽ പിച്ചവെച്ചു. സർക്കാരും രാഷ്ട്രീയ-സന്നദ്ധ സംഘടനകളും ദുരന്തബാധിതർക്ക് വീടൊരുക്കി.
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ ചിലർ പൊട്ടിക്കരഞ്ഞു. ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മുക്തമാകാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു ജനതയുടെ നൊമ്പരമായിരുന്നു ഉയർന്നത്. അത് പലരുടെയും കണ്ണുകളിൽ തളം കെട്ടികിടക്കുന്നുണ്ടായിരുന്നു. വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുകയാണ്. 2024 ജൂലൈ 30ന് മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ പ്രകൃതി കവർന്നെടുത്തത് 298 ജീവനുകളാണ്. അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കാൻ പേരിനൊരു ഉടൽ മാത്രം ലഭിച്ചവർ ഏറെയുണ്ടായിരുന്നു. ചിലർക്ക് കൈയിലിട്ട വളയും പച്ചകുത്തിയ അടയാളങ്ങളുമായിരുന്നു ബന്ധുകളെ തിരിച്ചറിയാനുള്ള ഏകമാർഗം.
അന്ന് മഴ പെയ്തിരുന്നു, ആ തണുപ്പിൽ അവർ വീടുകളിൽ അന്തിയുറങ്ങി. പിന്നെ മഴ കനത്തു, ജൂലൈ 29ന് രാത്രി 11.45ന് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായി. അർദ്ധരാത്രിയോടെ സർവതും തകർത്തെറിയുന്ന ഉരുൾപൊട്ടലായി. കൂരിരുട്ടിൽ ആർത്തലച്ചെത്തിയ വെള്ളവും പാറക്കല്ലുകളും കൂറ്റൻ മരങ്ങളും ചേർന്ന് നിമിഷനേരം കൊണ്ട് പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ, ചൂരൽമല എന്നീ ഗ്രാമങ്ങൾ തുടച്ചുനീക്കി. ജൂലൈ 30ന് പുലർച്ചെയോടെയാണ് കലക്ടറേറ്റിലേക്ക് അപകടമേഖലയിൽ നിന്നുള്ള ആദ്യ ഫോൺ വിളിയെത്തിയത്.
പ്രതിസന്ധികൾ തരണം ചെയ്ത് പുലർച്ചെ 3.10ഓടെ സേനാവിഭാഗം സ്ഥലത്തെത്തി. തുടർന്ന് 4.55ഓടെ എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാസേന, പൊലീസ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ ശ്രമത്തിൽ രക്ഷപ്രവർത്തനം ആരംഭിച്ചു. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ എട്ട് കിലോമീറ്ററിൽ 8,600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ദുരന്തം വ്യാപിച്ചത്. 298 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. 390 ലധികം പേർക്ക് പരിക്കേറ്റു. ലഭിച്ച മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ചാലിയാർ, നിലമ്പൂർ തുടങ്ങി പ്രദേശങ്ങളിൽ നിന്നും ശരീരഭാഗങ്ങൾ കണ്ടെത്തി. പലരുടെയും മൃതദേഹം ഇന്നും കണ്ടെത്താനായിട്ടില്ല. ഒരു ജനതയുടെ നിലനിൽപ്പിനെ പൂർണ്ണമായും ഭൂമുഖത്തുനിന്ന് ഇല്ലാതാക്കിയ ദുരന്തം, ഇന്ന് കാലം കൊണ്ട് മായ്ക്കാനാകാത്ത മുറിവായി അവശേഷിക്കുന്നു.
ദുരന്തബാധിതർ താമസിക്കുന്ന സർക്കാർ ടൗൺഷിപ്പിലും വെള്ളാർമല സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചൂരൽമല ബെയ്‍ലി പാലത്തിന് സമീപവും പ്രർഥന നടത്തി. ഇന്ത്യയിലെ തന്നെ വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ-ചൂരൽമല ദുരന്തം ഓർക്കുമ്പോൾ, ദുരന്തദിവസത്തെ ഞെട്ടലിൽനിന്ന് ഇനിയും മുക്തമാകാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
മുണ്ടക്കൈ-ചൂരൽമല ദുരന്തം നടന്ന് രണ്ടു വർഷമാകുമ്പോഴും ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും പൂർത്തിയായില്ല. ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കാണ് സർക്കാർ ടൗൺ ഷിപ്പിൽ വീടുകൾ ലഭിക്കാനുള്ളത്. കുടുംബങ്ങൾ ഇപ്പോഴും വാടക വീടുകളിലാണ്.
സർക്കാറിന്റെ രണ്ടാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 149 കുടുംബങ്ങൾക്കാണ് ടൗൺഷിപ്പിൽ വീടുകൾ ലഭിക്കാനുള്ളത്. സെപ്റ്റംബർ അവസാനത്തോടെ പണി പൂർത്തിയാക്കി മുഴുവൻ വീടുകളും ദുരന്ത ബാധിതർക്ക് കൈമാറും എന്നാണ് സംസ്ഥാന സർക്കാറും നിർമാണ കമ്പനിയും അറിയിച്ചത്.
എന്നാൽ, നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ സെപ്റ്റംബറിൽ വീടുകളുടെ നിർമാണം പൂർത്തിയാകുമോയെന്ന ആശങ്കയിലാണ് ദുരന്ത ബാധിതർ. കഴിഞ്ഞ രണ്ടു വർഷമായി വാടക വീടുകളിലെ പരിമിതമായ സൗകര്യങ്ങളിൽ ജീവിക്കുന്നതിൻന്റെ ബുദ്ധിമുട്ടും ദുരന്ത ബാധിതർക്കുണ്ട്. ആകെ 410 വീടുകളാണ് ടൗൺഷിപ്പിൽ ഒരുങ്ങുന്നത്. ഇതിൽ 178 വീടുകൾ മെയ് അവസാനത്തോടെ ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് കൈമാറി. കൈമാറിയ 178 വീടുകളടക്കം ആകെ 317 വീടുകളുടെ വാർപ്പാണ് ഇതുവരെ പൂർത്തിയായത്. വീടുകളുടെ പണി അടിയന്തിരമായി പൂർത്തിയാക്കി താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ദുരന്ത ബാധിതർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.