ബോർഡ്, കോർപറേഷൻ 35 സ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനം ആവശ്യപ്പെട്ട് മുസ്ലിംലീഗ്
മലപ്പുറം: ബോർഡ്, കോർപറേഷൻ പദവികളിലേക്ക് യു.ഡി.എഫിൽ മുസ്ലിംലീഗ് ആവശ്യപ്പെടുന്നത് 35 സ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനങ്ങൾ. ഘടകകക്ഷി നേതാക്കളുമായി കോൺഗ്രസ് നേതൃത്വം ഉഭയകക്ഷി ചർച്ച നടത്താനിരിക്കെ ലീഗിന് ലഭിക്കുന്ന ബോർഡ്, കോർപറേഷൻ പദവികളിലേക്ക് പരിഗണിക്കപ്പെടേണ്ടവരെക്കുറിച്ചുള്ള ചർച്ചകൾ പാർട്ടിയിൽ സജീവമായി.
നിയമസഭയിലേക്ക് ആദ്യഘട്ടത്തിൽ പരിഗണിക്കപ്പെട്ടവരും പിന്നീട് സീറ്റ് ലഭിക്കാതെ പോയവരുമായ നേതാക്കൾക്ക് പ്രഥമ പരിഗണനയെന്നാണ് പൊതുധാരണ. രണ്ടാംനിര നേതാക്കളുടെ ഭാഗത്തുനിന്ന് മുറുമുറുപ്പുണ്ടെങ്കിലും മുൻ എം.എൽ.എമാരായ മുതിർന്ന നേതാക്കളിൽ ചിലരെയും പദവികളിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. ബോർഡും കോർപറേഷനുകളുമായി, രാഷ്ട്രീയ നിയമനങ്ങൾ നടത്താവുന്ന സ്ഥാപനങ്ങളുടെ എണ്ണം 150ഓളം വരുമെന്നാണ് കണക്ക്.
അധ്യക്ഷപദവികൾക്ക് പുറമേ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി, അംഗങ്ങൾ തുടങ്ങി നൂറിലേറെ സ്ഥാനങ്ങൾ പാർട്ടിക്ക് ലഭിക്കും. കഴിഞ്ഞ തവണ കൈകാര്യംചെയ്ത സ്ഥാനങ്ങൾക്ക് പുറമെ, ന്യൂനപക്ഷ കമീഷൻ അധ്യക്ഷസ്ഥാനമടക്കം ചില പ്രധാന പദവികൾ കൂടി കിട്ടണമെന്ന് ലീഗിന് താൽപര്യമുണ്ട്. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് കോൺഗ്രസ് കൈകാര്യംചെയ്ത ന്യൂനപക്ഷ കമീഷൻ കോൺഗ്രസ് വിട്ടുകൊടുക്കാനിടയില്ലെന്നാണ് സൂചന. ന്യൂനപക്ഷ കമീഷൻ അധ്യക്ഷ സ്ഥാനം ലീഗിന് ലഭിക്കുകയാണെങ്കിൽ മുതിർന്ന നേതാവ് കെ.പി.എ മജീദിനെ പരിഗണിച്ചേക്കും. ന്യൂനപക്ഷ കമീഷൻ അല്ലെങ്കിൽ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ അധ്യക്ഷസ്ഥാനത്തേക്കും കെ.പി.എ മജീദ് താൽപര്യമറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഭരണപരിഷ്കാര കമീഷൻ അധ്യക്ഷപദവി മുൻ മന്ത്രി എം.കെ. മുനീറിന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, മലപ്പുറം നഗരസഭ മുൻ അധ്യക്ഷൻ മുജീബ് കാടേരി, സി.പി ചെറിയമുഹമ്മദ്, ടി.ടി. ഇസ്മായിൽ, ഉമർ പാണ്ടികശാല, എം.സി വടകര തുടങ്ങിയവരുടെ പേരുകൾ സജീവ പരിഗണനയിലുണ്ട്. കണ്ണൂരിൽനിന്ന് കരീം ചേലേരി, തൃശൂരിൽനിന്ന് പി.എം. സാദിഖലി, സി.എച്ച്. റഷീദ് എന്നിവരുടെ പേരുകളുണ്ട്. മുൻ എം.എൽ.എമാരായ കെ.എൻ.എ ഖാദർ, പി. അബ്ദുൽ ഹമീദ് എന്നിവർ പദവിക്ക് വേണ്ടി ചരട് വലിക്കുന്നുണ്ട്. കേരള ബാങ്ക് പ്രസിഡന്റ് സ്ഥാനം ലീഗിന് ലഭിച്ചാൽ ഈ സ്ഥാനത്തേക്ക് പി. അബ്ദുൽ ഹമീദിനെ പരിഗണിച്ചേക്കും.
വനിത ലീഗ് നേതാക്കളിൽ സുഹ്റ മമ്പാട്, ജയന്തി രാജൻ എന്നിവർ സാധ്യതപട്ടികയിലുണ്ട്. മൂന്ന് ചെയർമാൻ പദവികളിലേക്ക് യൂത്ത് ലീഗ് പ്രതിനിധികളെ പരിഗണിച്ചേക്കും. പാർട്ടിക്ക് മന്ത്രിമാരും എം.എൽ.എമാരുമില്ലാത്ത ജില്ലക്ക് കൂടുതൽ പരിഗണന നൽകും. ഈ മാസം 20നകം യു.ഡി.എഫിൽ ധാരണയാകുമെന്നാണ് പ്രതീക്ഷ. ലീഗിൽ ഒറ്റപ്പദവി തീരുമാനം കര്ശനമാക്കുകയാണെങ്കില്, ബോർഡ്, കോർപറേഷൻ അധ്യക്ഷസ്ഥാനം ലഭിക്കുന്നവർ പാർട്ടി പദവികൾ ഒഴിയേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.