ടി.​കെ. ഗോ​വി​ന്ദ​ൻ, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ

ഇ.ഡി റെയ്ഡ്: പിണറായിയെ പിന്തുണച്ച് ടി.കെ. ഗോവിന്ദൻ, തള്ളി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കത്തിൽ തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ യു.ഡി.എഫ് എം.എൽ.എമാരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും രണ്ടുതട്ടിൽ. 10 വർഷം മുഖ്യമന്ത്രിയായ പിണറായിക്ക് മകൾ മുഖേന മൂന്നരക്കോടി വാങ്ങേണ്ട ആവശ്യമുണ്ടോയെന്നും നൂറുകോടി കൊണ്ടുകൊടുക്കാൻ ആളുണ്ടാകില്ലേയെന്നും ടി.കെ. ഗോവിന്ദൻ ചോദിച്ചു. ഇ.ഡി നിഷ്പക്ഷ ഏജന്‍സിയാണെന്ന് ആരും വിശ്വസിക്കില്ലെന്നും പിണറായിക്കെതിരെ വന്നാല്‍ ശരിയും മറ്റുള്ളവര്‍ക്കെതിരെ വന്നാല്‍ തെറ്റും എന്ന ഇരട്ടത്താപ്പ് പാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തെളിവുണ്ടെങ്കില്‍ കേസെടുക്കാന്‍ അധികാരമുള്ള ഇ.ഡി, ആ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിന്റെ തലയിലേക്ക് വിടുന്നത് എന്തിനാണ്. ഇ.ഡിക്ക് ഒരുനിലവാരവുമില്ല. രാഷ്ട്രീയപ്രേരിതമാണ് പിണറായിക്കെതിരായ കേസ്. ബി.ജെ.പിയിലേക്ക് ആളെ ചേര്‍ക്കാനുള്ള ഉപാധിയായാണ് ഇ.ഡി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരുകക്ഷി കുഴിയില്‍ വീഴുമ്പോള്‍ അതിനു മുകളില്‍ കല്ലിടുന്ന സമീപനമാണ് സി.പി.ഐ സ്വീകരിക്കുന്നതെന്നും ടി.കെ. ഗോവിന്ദൻ കുറ്റപ്പെടുത്തി.

എന്നാൽ, ഇ.ഡി വിഷയത്തിൽ ടി.കെ. ഗോവിന്ദനെ തള്ളുകയാണ് വി. കുഞ്ഞികൃഷ്ണൻ. പിണറായിക്കെതിരായ ഇ.ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. നേതാക്കളുടെ മക്കള്‍ക്കെതിരെ ആരോപണമുയരുമ്പോള്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ നേതൃത്വം തയാറാകണം. എന്നാല്‍, പിണറായി അതിന് തയാറായിട്ടില്ല. കൃത്യമായ മറുപടി ലഭിക്കാത്തിടത്തോളം ഇതില്‍ എന്തോ കഴമ്പുണ്ടെന്നായിരിക്കും ജനം കരുതുക. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാര്‍ട്ടി കരുതുന്നതെങ്കില്‍ വ്യക്തമായി വിശദീകരിക്കണം.

പിണറായിയുടെ കുടുംബത്തിനെതിരായ വിമര്‍ശനത്തെ പാര്‍ട്ടിക്കെതിരായ കടന്നാക്രമണമായി ചിത്രീകരിക്കുന്നത് എന്തിനാണെന്നും വി. കുഞ്ഞികൃഷ്ണൻ ചോദിച്ചു. ഇ.ഡി വിഷയത്തിലെ സി.പി.ഐ നിലപാടിലും ടി.കെ. ഗോവിന്ദനെ കുഞ്ഞികൃഷ്ണൻ തള്ളി. സി.പി.ഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ അവര്‍ പരസ്യമായി വിമര്‍ശനം ഉന്നയിക്കില്ലായിരുന്നെന്നാണ് കുഞ്ഞികൃഷ്ണന്റെ മറുപടി.

Tags:    
News Summary - TK Govindan supports Pinarayi Vijayan on ED Raid and Kunjikrishnan rejects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.