കേരള-കർണാടക അതിർത്തി പ്രദേശത്തെ പാടം
കബനിയിൽ ജലനിരപ്പ് താഴുന്നു: അതിർത്തി ഗ്രാമങ്ങളിൽ നെൽകർഷകർ പ്രതിസന്ധിയിൽ
പുൽപള്ളി: കബനിയിൽ ജലനിരപ്പ് താഴുന്നതോടെ കേരള-കർണാടക അതിർത്തി പ്രദേശമായ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള പാടശേഖരങ്ങളിൽ സ്ഥിതി രൂക്ഷം. ഇത്തവണ കാലവർഷം വൈകിയതിനാൽ കർഷകർ കൃഷിയിലേക്ക് ഇറങ്ങിയത് അടുത്തകാലത്താണ്. കബനിയിൽനിന്നുള്ള വെള്ളത്തെ ആശ്രയിച്ചായിരുന്നു കൃഷി.
എന്നാൽ, ശക്തമായ മഴ ലഭിക്കാത്തതിനാൽ പുഴയിൽ നീരൊഴുക്ക് കുറഞ്ഞു. മരക്കടവിൽ പമ്പ് മോട്ടോറുകൾ തകരാറിലായതും പ്രതിസന്ധി ഇരട്ടിയാക്കി. ഇതോടെ പലരും കൃഷി ഇറക്കിയിട്ടില്ല. നെൽകൃഷി ചെയ്തവർ വലിയ നഷ്ടഭീഷണിയിലാണ്.
കബനിയിൽ മുമ്പെങ്ങും കാണാത്ത വിധം പാറക്കൂട്ടങ്ങൾ തെളിഞ്ഞു തുടങ്ങി. ഇത് വരാനിരിക്കുന്ന വലിയ വരൾച്ചയുടെ സൂചനയാണെന്നാണ് നാട്ടുകാർ പറയുന്നത്. സാധാരണ ഡിസംബർ അവസാന വാരം മുതലാണ് ജലനിരപ്പ് താഴാറുള്ളത്. ഇത്തവണ സെപ്റ്റംബർ ആദ്യവാരത്തിൽ തന്നെ വെള്ളം താഴ്ന്നത് ആശങ്ക ഉയർത്തുന്നു.
പലയിടത്തും വെള്ളം ഇല്ലാത്തതിനാൽ വിള കരിയുന്ന അവസ്ഥയാണ്. ജില്ലയിൽ നെൽകൃഷി കുറയാതെ നിലനിൽക്കുന്ന പ്രധാന മേഖലയാണ് അതിർത്തി ഗ്രാമങ്ങളിലെ പാടശേഖരങ്ങൾ. അരിവില കുതിച്ചുയരുന്നതിനാൽ പരമ്പരാഗത കർഷകർ ഇവിടെ സ്ഥിരമായി നെൽകൃഷി ചെയ്തുപോരുന്നുണ്ട്. ശക്തമായ മഴ ഉടൻ ലഭിച്ചില്ലെങ്കിൽ കൃഷി പൂർണമായി നശിക്കുമെന്ന അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.