കറുപ്പ്-സഞ്ചാര വിലക്കിനെതിരെ പ്രഫ. ബി. രാജീവൻ; 'ബുദ്ധിജീവികൾക്ക് സ്വതന്ത്ര ചിന്തയില്ല, സത്യം പറയാനുള്ള ധൈര്യവുമില്ല'

കോഴിക്കോട്: കറുപ്പ്-സഞ്ചാര വിലക്കിനെതിരെ സാഹിത്യ വിമർശകൻ പ്രഫ. ബി. രാജീവൻ. നമ്മുടെ ബുദ്ധിജീവികൾക്ക് സ്വതന്ത്ര ചിന്തയില്ലെന്നും സത്യം തുറന്ന് പറയാനുള്ള ധൈര്യവുമില്ലെന്നും അദ്ദേഹം 'മാധ്യമം' ഓൺലൈനോട് പറഞ്ഞു. ഭൂരിപക്ഷം സാംസ്കാരിക പ്രവർത്തകരും ഇടതുപക്ഷത്തിന്‍റെ ചിറകിനടിയിലാണ്. അതിനാലാണ് സംസ്ഥാനത്ത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞിട്ടും അവരുടെ ജനാധിപത്യ മനഃസാക്ഷി ഉണരാത്തത്. അവർ വിചാരിക്കുന്നത് ഇടതുപക്ഷം ജനാധിപത്യ പ്രസ്ഥാനമാണെന്നാണ്. ഇടതുപക്ഷം രക്ഷപ്പെട്ടാൽ ജനാധിപത്യം രക്ഷപ്പെടുമെന്ന വിശ്വാസത്തിലാണവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടത്- വലത് ഫാഷിസങ്ങൾ ഒരു പോലെ ജനാധിപത്യ വിരുദ്ധമാണെന്ന് കാണാനുള്ള രാഷ്ട്രീയ പ്രബുദ്ധത ഇവിടെത്തെ സാംസ്കാരിക നായകർക്കില്ല. ഇടതുപക്ഷത്തോട് എഴുത്തുകാർക്ക് ഒരടിമ മനോഭവമുണ്ട്. ജനാധിപത്യത്തെക്കുറിച്ച് ആഴിത്തിലുള്ള ബോധ്യമില്ലായ്മയുണ്ട്. അതിനാലാണ് ബുദ്ധിജിവികൾ പ്രതികരിക്കാത്തത്. എല്ലാത്തിനും പകരമായി അവർ പാർട്ടിയെയാണ് കൊണ്ടു വരുന്നത്. പാർട്ടി ജനാധിപത്യത്തിന്റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് സാംസ്കാരിക നായകർ പറയുന്നത്.

അതൊരു സോവിയറ്റ് മാർക്സിറ്റ് ധാരണയാണ്. കേരളത്തിൽ ഇ.എം.എസ് പ്രചരിപ്പിച്ചത് അതേ ആശയമാണ്. ഇ.എം.എസ് അവതരിപ്പിച്ച് പാർട്ടി ചിന്ത സ്റ്റാലിനിസത്തിന്റെ പിന്തുടർച്ചയായിരുന്നു. അദ്ദേഹം ജനാധിപത്യം എന്ന വാക്ക് നിരന്തരം ഉപയോഗിച്ചെങ്കിലും അത് പാർട്ടിയിൽ കേന്ദ്രീകരിച്ച ജനാധിപത്യമായിരുന്നു. പാർട്ടിക്കുള്ളിലെ വിമർശനം അംഗീകരിച്ചുവെങ്കിലും പാർട്ടിയുടെ മൗലിക സ്വഭാവത്തെ ചോദ്യം ചെയ്തിരുന്നില്ല. പാർട്ടിയുടെ സർവാധിപത്യം ഇ.എം.എസും അംഗീകരിച്ചിരുന്നു. കേരളത്തിലെ നേതാക്കൾക്ക് ലഭിച്ചത് സ്റ്റാലിന്റെ രാഷ്ട്രീയ പാരമ്പര്യമാണ്. അതിനാലാണ് കോടിയേരി ബാലകൃഷ്ണൻ കറുപ്പ് നിരോധിക്കണമെന്ന് പറയുന്നത്. ഭരണാധികാരി ജനങ്ങളോട് ചിരിക്കാൻ പാടില്ലെന്ന് പറയുന്നതിന് സമാനമാണ് കറുപ്പ് നിരോധനം.

അതേസമയം, ഇ.എം.എസ് അടക്കമുള്ള നേതാക്കൾ സ്റ്റാലിനിസ്റ്റുകൾ ആയിരുന്നെങ്കിലും ധാർമികമായ നിലപാടുകളിൽ ഏറെക്കുറെ ഗാന്ധിയൻ പാതയിലായിരുന്നു. അവരുടെ ചിന്തകളിൽ ഉയർന്ന ധാർമ്മികത കൈമുതലായുണ്ടായിരുന്നു. എന്നാൽ, പാർട്ടിയിൽ സ്റ്റാലിനിസം തുടരുകയും ചെയ്തു. ഇ.എം.എസിന്റെ കാലത്ത് ടി.പി. ചന്ദ്രശേഖരൻ വധം നടക്കില്ല. ഇപ്പോഴത്തെ കമ്യൂണിസ്റ്റ് നേതൃത്വത്തിന് ധാർമ്മികതയില്ല. അതിനാലാണ് പാർട്ടി എന്തുചെയ്താലും അത് ജനാധിപത്യമാണെന്ന നേതാക്കൾ വാദിക്കുന്നത്.

പാർട്ടി നേതാക്കളുടെ ഭാര്യമാരെ പിൻവാതിലൂടെ നിയമിച്ചാൽ അത് നല്ലതാണെന്ന വിചാരിക്കുന്നു. പാർട്ടിക്കാർ സഹകരണ ബാങ്കുകളിൽ പണം കൊള്ള ചെയ്യുന്നതിനെയും ന്യായീകരിക്കുന്നു. അത് പുതിയ തലമുറയുടെ രാഷ്ട്രീയ സംസ്കാരമാണ്. എല്ലാ സ്ഥലങ്ങളിലും (പശ്ചിമ യൂറോപ്പ്, ചൈന അടക്കം) കമ്യൂണിസ്റ്റ് പാർട്ടി ദുഷിച്ചപ്പോൾ നേതാക്കൾ അഴിമതിയിൽ മുങ്ങിക്കുളിച്ചു. പാർട്ടിയുടെ മറവിലാണ് അവർ അഴിമതി നടത്തിയത്. പാർട്ടിക്കു വേണ്ടിയാണ് ഈ അഴിമതിയെന്ന് നേതാക്കൾ പറയും. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ഇന്ന് വൻകൊള്ളയാണ് നടത്തുന്നത്. അതെല്ലാം പാർട്ടിക്കു വേണ്ടിയാണെന്ന പറഞ്ഞ് ന്യായീകരിക്കുന്നുണ്ട്.

ഇതൊന്നും സാംസ്കാരിക പ്രവർത്തരെ അലട്ടുന്നില്ല. സാംസ്കാരിക പ്രവർത്തകർ പാർട്ടിയോടുള്ള അനുഭാവം വിട്ടുകളഞ്ഞാൽ ഇടതുപക്ഷം അല്ലാതാവുമെന്ന് വിചാരിക്കുന്നു. പാർട്ടിക്കൊപ്പം നിൽക്കുന്നവർക്ക് ഒരേ സമയം സാംസ്കകാരിക സ്ഥാപനങ്ങളിൽ കസോരയും പദവിയുമൊക്കെയുണ്ട്. സാംസ്കാരിക സ്ഥാപനങ്ങളിലെ കസേര കിട്ടാത്തവർ പോലും മൗനത്തിലാണ്. അവർക്ക് സ്വതന്ത്ര ചിന്തയില്ല. സത്യം തുറന്ന് പറയാനുള്ള ധൈര്യവുമില്ല. ബുദ്ധിജീവികൾ സ്വന്തം തലച്ചോറ് ഉപയോഗിക്കുന്നില്ല. ബംഗാളിൽ നന്ദിഗ്രാമും സിങ്കൂരും ജനങ്ങൾ സമരം നടത്തിയപ്പോൾ മഹാശ്വേതാ ദേവി അടക്കമുള്ള എഴുത്തുകാർ ജനങ്ങൾക്കൊപ്പം നിന്നു. ഇവിടുത്തെ എഴുത്തുകാർക്ക് സ്വതന്ത്ര ചിന്തയില്ല. അതിന് പുതിയ ജനാധിപത്യ സാംസ്കാരിക പ്രസ്ഥാനം ഉയർന്നുവരണമെന്നും ബി. രാജീവൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Prof. against black travel ban. B. Rajeevan; 'Intellectuals have no free thought and no courage to tell the truth'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.