കിഫ്ബി നടത്തിപ്പിനെ വിമർശിച്ച് ഭരണപക്ഷ എം.എൽ.എമാർ; വ്യത്യസ്ത നിലപാടുമായി മന്ത്രിമാർ

തിരുവനന്തപുരം: കിഫ്ബി റോഡ് പദ്ധതി നടത്തിപ്പിനെ നിയമസഭയിൽ എതിർത്ത് ഭരണപക്ഷ എം.എൽ.എമാർ. കേരള കോൺഗ്രസ് ബി അംഗം കെ.ബി. ഗണേഷ് കുമാറും സി.പി.എം അംഗം എ.എൻ ഷംസീറും ആണ് കിഫ്ബി നടത്തിപ്പിനെ എതിർത്ത് രംഗത്തെത്തിയത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ്, പാലം നിർമാണങ്ങൾ നടത്തുന്ന വിഷയം ചർച്ച ചെയ്യുന്നതിനിടെയാണ് ഭരണപക്ഷ എം.എൽ.എമാർ എതിർ നിലപാട് സ്വീകരിച്ചത്.

കിഫ്ബി പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്നതായി ഗണേഷ് കുമാർ സഭയിൽ ചൂണ്ടിക്കാട്ടി. മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിൽ കൺസൽട്ടന്‍റുമാർ പ്രായോഗിക നിലപാടുകൾ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെഞ്ഞാറന്മൂടിലെ ഒരു പാലത്തിന്‍റെയും റോഡിന്‍റെയും നിർമാണം ഇഴഞ്ഞു നീങ്ങുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. രോഗബാധിതയായി കിടന്ന മാതാവിനെ കാണാൻ പോയ താൻ വെഞ്ഞാറന്മൂടിലെ ഗതാഗതകുരുക്കിൽ കുടുങ്ങുകളും പിന്നീട് എത്തിയപ്പഴേക്കും മാതാവ് മരണപ്പെട്ടെന്നും ഗണേഷ് വൈകാരികമായി വിശദീകരിച്ചു. വലിയ പ്രശ്നങ്ങളാണ് പദ്ധതി മുന്നോട്ടു പോകുന്നതിൽ ഉള്ളതെന്നും ഗണേഷ് ചൂണ്ടിക്കാട്ടി.

ഗണേശ് കുമാറിന്‍റെ നിലപാടിനെ എ.എൻ. ഷംസീറും പിന്തുണച്ചു. കിഫ്ബി പദ്ധതികൾ നടപ്പാക്കുന്നത്, സ്ഥലം ഏറ്റെടുക്കുന്നത്, കൺസൽറ്റന്‍റുമാരുടെ മാനദണ്ഡങ്ങൾ എന്നിവയാണ് ഷംസീർ വിമർശനത്തിൽ ഉൾപ്പെട്ടത്. എം.എൽ.എമാരുടെ പൊതുവികാരമായി വിഷയത്തെ കാണണമെന്നും ഷംസീർ ആവശ്യപ്പെട്ടു.

കിഫ്ബി പദ്ധതിയുടെ നടത്തിപ്പിൽ മാനദണ്ഡങ്ങൾ മാറ്റാൻ സാധിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സഭയെ അറിയിച്ചു. കിഫ്ബിയും പൊതുമരാമത്ത് വകുപ്പും ഒത്തൊരുമയോടെ പ്രവർത്തിക്കുകയാണ്. ആശയവിനിമയത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാസം തോറും യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കിഫ്ബി പദ്ധതിയിൽ സ്വതന്ത്ര സർവേ അനുവദിക്കാനാവില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. കൂടുതൽ ജീവനക്കാരെ നിയമിച്ച് സർവേ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി സഭയെ അറിയിച്ചു.

ഇതിന് പിന്നാലെ റവന്യൂ മന്ത്രി താൻ പറഞ്ഞത് പൂർണമായി മനസിലാക്കിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മറുപടി നൽകി. നിലവിലെ സംവിധാനത്തിൽ കാര്യങ്ങൾ വേഗത്തിൽ കൊണ്ടു പോകാനുള്ള ക്രമീകരണങ്ങൾ ഉണ്ടാവണമെന്നാണ് ഉദ്ദേശിച്ചതെന്നും മുഹമ്മദ് റിയാസ് വിശദീകരിച്ചു.

Tags:    
News Summary - Pro-government MLAs criticize Kirby's Project Implementation; Ministers with different positions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.