പ്രിയങ്ക ഗാന്ധി

‘വയനാട് ആവശ്യപ്പെട്ടത് 2221 കോടി, കിട്ടിയത് 260 കോടി’; ആളുകളുടെ വേദനയെ രാഷ്ട്രീയ അവസരമായി കാണരുതെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഉരുൾ തകർത്ത വയനാടിന്‍റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് അനുവദിച്ച സഹായധനം കുറഞ്ഞുപോയതിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സ്ഥലം എം.പി പ്രിയങ്ക ഗാന്ധി. വയനാടിന്‍റെ പുനർനിർമാണത്തിന് കേരളം ആവശ്യപ്പെട്ടത് 2221 കോടി രൂപയാണെന്നും എന്നാൽ കേന്ദ്ര സർക്കാർ അനുവദിച്ചത് കേവലം 260 കോടിയാണെന്നും പ്രിയങ്ക എക്സിൽ കുറിച്ചു.

കാരുണ്യവും നീതിയും അടിയന്തര സഹായവും ആവശ്യമുള്ള വിനാശകരമായ ദുരന്തത്തെയാണ് വയനാട്ടിലെ ജനത നേരിട്ടത്. മണ്ണിടിച്ചിലിന് ശേഷം ജീവിതം പുനർനിർമിക്കാൻ കേരളം 2221 കോടി രൂപ ആവശ്യപ്പെട്ടു. എന്നാൽ, കേന്ദ്ര സർക്കാർ അനുവദിച്ചത് 260 കോടി രൂപ മാത്രം. ആവശ്യമുള്ളതിന്‍റെ ഒരു ചെറിയ ഭാഗം മാത്രമാണിത്.

വീടുകളും ഉപജീവന മാർഗങ്ങളും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം വലിയ സഹായം പ്രതീക്ഷിച്ചിരുന്നു. പകരം അവർക്ക് ലഭിച്ചത് അവഗണനയാണ്. ദുരിതാശ്വാസവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം. മനുഷ്യന്റെ വേദനയെ രാഷ്ട്രീയ അവസരമായി കണക്കാക്കാൻ സാധിക്കില്ല. വയനാട്ടിലെ ജനങ്ങൾ നീതി, പിന്തുണ, അന്തസ് എന്നിവയിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല -പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് സഹായധനമായി 260.56 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതല സമിതിയാണ് ദേശീയ ദുരന്തനിവാരണനിധിയിൽ നിന്ന് തുക കഴിഞ്ഞ ദിവസം അനുവദിച്ചത്.

വിദഗ്ധസമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 2221 കോടി രൂപയാണ് വയനാട് പുനർനിർമ്മാണത്തിനായി കേരളം അവശ്യപ്പെട്ടത്. സംസ്ഥാനത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്നാണ് ആദ്യഘട്ട ചർച്ചകളിൽ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. സമാന ആവശ്യംകേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി നടത്തിയ അന്തിഘട്ട ചർച്ചയിലും ചീഫ് സെക്രട്ടറി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 260.56 കോടി കേന്ദ്രം വയനാടിനായി അനുവദിച്ചത്.

അതേസമയം, പ്രളയ ദുരന്തം നേരിട്ട അസമിന് 1270.788 കോടിയും അനുവദിച്ചിട്ടുണ്ട്. ഒമ്പത് സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.

Tags:    
News Summary - Priyanka Gandhi react to Union Fund allotment to Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.