യൂനിവേഴ്സിറ്റി ഹോസ്റ്റലിലെ അതിക്രമം; നടപടി ആവശ്യപ്പെട്ട് പിണറായിയുടെ കത്ത്​

തിരുവനന്തപുരം: പാളയം യൂനിവേഴ്സിറ്റി ഹോസ്റ്റലിലെ ആസൂത്രിത അക്രമസംഭവങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകി. അക്രമികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും അധികാര ദുർവിനിയോഗം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം.

പതിവ് സമരകേന്ദ്രങ്ങൾ ഒഴിവാക്കി ഹോസ്റ്റൽ പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനം ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ജില്ല അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ കല്ലെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും അവരെ പിന്തിരിപ്പിക്കാൻ നേതൃത്വമോ പൊലീസോ തയാറായില്ല. പ്രശ്നപരിഹാരത്തിനെന്ന വ്യാജേന വാർഡന്റെ അനുമതി പോലുമില്ലാതെ ഹോസ്റ്റൽ ഗേറ്റ് തകർത്ത് അകത്തുകയറിയ പൊലീസ് എസ്.എഫ്.ഐപ്രവർത്തകരെ മൃഗീയമായി മർദിച്ചു.

പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസ് അക്രമികൾ തടഞ്ഞുവെച്ച മനുഷ്യത്വരഹിതമായ സംഭവത്തിന് പോലും പോലീസ് മൗനാനുവാദം നൽകുകയാണുണ്ടായതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. പൊതുമുതൽ നശിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പി.ഡി.പി.പി ആക്റ്റ് പ്രകാരം ജാമ്യമില്ല വകുപ്പുകൾ ചുമത്താൻ തയ്യാറാകാത്ത പൊലീസ് കടകംപള്ളി സുരേന്ദ്രൻ, വി. ജോയ് എന്നിവർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തതിലെ ഇരട്ടനീതിയും കത്തിൽ എടുത്തുപറയുന്നു.

എസ്.എഫ്.ഐ ജില്ല സെക്രട്ടറിയെ ഓഫിസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രിയുടെ പേരുൾപ്പെടെ പരാമർശിച്ച് ഭീഷണിപ്പെടുത്തിയ കന്റോൺമെന്റ് എസ്.ഐയുടെ നടപടി പോലീസ് ആക്ടിന്റെ നഗ്നമായ ലംഘനമാണെന്നും ഇത് സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Violence in university hostel; Pinarayi's letter demanding action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.