പ്രിയ വർഗീസിന്റെ കേസ്: രജിസ്ട്രാറുടെ സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയവർഗീസിന്റെ രജിസ്ട്രാറുടെ സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമനം നൽകിയത് യു.ജി.സി ചട്ടപ്രകാരമാണെന്നും, ഗസ്റ്റ്‌ അടിസ്ഥാനത്തിലുള്ള നിയമനവും, സ്റ്റുഡന്റ് സർവീസ് ഡയറക്ടറായുള്ള നിയമനവും ചട്ടപ്രകാരമാണെന്നും രജിസ്ട്രാർ സത്യവാങ്മൂലം നൽകി. ഇത് അടിസ്ഥാനരഹിതവും, തെറ്റിധരിപ്പിക്കുന്നതുമാണെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു.

ഹൈകോടതി വിധിക്കെതിരെ യു.ജി.സിയും രണ്ടാം റാങ്ക് കാരനായ ജോസഫ് സ്കറിയയും സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സർവകലാശാല രജിസ്ട്രാർ നിലപാട് അറിയിച്ചത്. യു.ജി.സിയുടെ 2018 റെഗുലേഷൻ പ്രകാരമായിരിക്കും അസോസിയേറ്റ് പ്രഫസർ നിയമനമെ ന്നും, യു.ജി.സി അംഗീകരിച്ച പ്രകാരമുള്ള അധ്യാപന സർവീസ് മാത്രമേ കണക്കിലെടുക്കുകയുവെന്നും സർവകലാശാലയുടെ നിയമന വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കെ, ഈ റെഗുലേഷൻ അപേക്ഷകക്ക് ബാധകമല്ലെന്നും യു.ജി.സിയുടെ മാറുന്ന ചട്ടങ്ങൾക്ക് മുൻകാല പ്രാബല്യം പാടില്ലെന്നുമാണ് സർവകലാശാലയുടെ പുതിയ വാദം.

ഹൈകോടതിയുടെ സിങിൾ ബെഞ്ച് നിയമനം റദ്ദാക്കിയെങ്കിലും ഡിവിഷൻ ബെഞ്ച് നിയമനം ശരി വെക്കുകയായിരുന്നു. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് യു.ജി.സിയും രണ്ടാം റാങ്കുകാരനും സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. യു.ജി.സി മാനദണ്ഡപ്രകാരമുള്ള നിയമന പ്രക്രിയയിലൂടെ ജോലിയിൽ പ്രവേശിക്കുകയും യു.ജി.സി അസി.പ്രഫസർ തസ്തികയിലുള്ളവർക്ക് നിഷ്കർഷിച്ചിരിക്കുന്ന മൊത്തം ശമ്പളം കൈപ്പറ്റുകയും ചെയ്താൽ മാത്രമേ കരാറോ ഗസ്റ്റോ ആയിട്ടുള്ള നിയമനം നേരിട്ടുള്ള നിയമനത്തിന് അനുഭവ പരിചയമായി കണക്കാക്കുവാൻ പാടുള്ളൂവെന്ന് യു.ജി.സി റെഗുലേഷനിൽ പറയുന്നു. ഇത് വിസ്മരിച്ചാണ് സർവകലാശാല ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്ത കാലയളവ് പ്രിയ വർഗീസിന് സർവീസ് ആയി കണക്കാക്കിയത്.

ഇതു കൂടാതെ മുഴുവൻസമയ പി.എച്ച്.ഡി കാലയളവും സർവീസ് ആയി പരിഗണിച്ചത് യു.ജി.സി റെഗുലേഷന് ഘടകവിരുദ്ധമാണെന്ന് സുപ്രീംകോടതിയിൽ ഹർജിക്കാർ ചൂണ്ടിക്കാണിക്കുമെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു. 

Tags:    
News Summary - Priya Varghese's case: Save University campaign committee says registrar's affidavit misleading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.