പത്തനംതിട്ട: ആര്യങ്കാവിൽ വനഭൂമിക്ക് കരം സ്വീകരിച്ച വില്ലേജ് ഓഫിസറെ സ്ഥലംമാറ്റാൻ കലക്ടറുടെ നിർദേശം. കരം സ്വീകരിച്ച നടപടി മരവിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
പ്രിയ എസ്റ്റേറ്റിെൻറ കൈവശമുള്ള 492.13 ഏക്കർ ഭൂമിയിൽ 382 ഏക്കർ വനമെന്നാണ് റവന്യൂ രേഖ കളിലുള്ളത്. ഇത് കണക്കിലെടുക്കാതെ 492.13 ഏക്കർ ഭൂമിക്കും കരം സ്വീകരിക്കുകയായിരുന്നു.
< p>ഇക്കാര്യം ‘മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്. ഇതേ തുടർന്നാണ് കരം സ്വീകരിച്ച നടപടി മരവിപ്പിക്കാനും വില്ലേജ് ഒാഫിസറെ സ്ഥലംമാറ്റാനും നിർദേശമുണ്ടായത്.പ്രിയ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്ന, 1971ലെ നിയമപ്രകാരം വനഭൂമിയായി പ്രഖ്യാപിച്ച 50 ഏക്കറും 2005ലെ ഇ.എഫ്.എൽ നിയമപ്രകാരം സംരക്ഷിത വനമായി പ്രഖ്യാപിച്ച 332 ഏക്കറും അടക്കം 382 ഏക്കർ വനഭൂമിക്കും കമ്പനിയുടെ പക്കലുള്ള അവശേഷിച്ച 106 ഏക്കറും സഹിതം 492.13 ഏക്കറിന് ഒരുമിച്ചാണ് ഫെബ്രുവരി 19ന് ആര്യങ്കാവ് വില്ലേജ് ഓഫിസർ കരം സ്വീകരിച്ചത്.
ഹൈകോടതി ഉത്തരവ് അനുസരിച്ചും കലക്ടറുടെ നിർദേശപ്രകാരവുമാണ് കരം സ്വീകരിച്ചതെന്നും വനഭൂമിയാണെന്ന വിവരം തനിക്കറിയില്ലെന്നുമാണ് വില്ലേജ് ഓഫിസർ ‘മാധ്യമ’ത്തോട് പറഞ്ഞത്. ആര്യങ്കാവ് വില്ലേജിലെ പ്രിയ എസ്റ്റേറ്റിനും തെന്മല വില്ലേജിലെ റിയ എസ്റ്റേറ്റിെൻറ 206.5 ഏക്കറിനും കലക്ടറുടെ നിർദേശപ്രകാരം കരം സ്വീകരിച്ചിരുന്നു.
കലക്ടറുടെ നടപടി വിവാദമായതോടെ വില്ലേജ് ഓഫിസർമാർക്കെതിരെ നടപടി സ്വീകരിച്ച് മുഖംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിമർശനമുയരുന്നു. ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിയിൽനിന്ന് ഭൂമി കരസ്ഥമാക്കിയ കമ്പനികൾ പലതും ഭൂമി പേരിൽകൂട്ടി കിട്ടാൻ ഹൈകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു.
ഇത്തരം കമ്പനികളുടെ കരം കോടതിയുടെ അന്തിമവിധിക്ക് വിധേയമായി എന്ന ഉപാധികളോടെ സ്വീകരിക്കണമെന്ന നിർദേശമാണ് സർക്കാറിനു മുന്നിലുള്ളത്.
ഇതിൽ സർക്കാർ തീരുമാനം എടുക്കും മുമ്പ് കലക്ടർ സ്വന്തം നിലയിൽ കരം സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.